സപ്ലൈകോ 50-ാം വാർഷികാഘോഷം ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ; 25 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
- *ശബരി ബ്രാൻഡിൽ പുതിയ ഉത്പന്നങ്ങൾ
- സപ്ലൈകോ മെഡി മാർട്ട്’ എന്ന പേരിൽ 10 ശീതീകരിച്ച മെഡിക്കൽ സ്റ്റോറുകൾ
- മൂന്ന് പുതിയ പെട്രോൾ പമ്പുകൾ
- ഗോഡൗണുകൾ ആധുനീകരിക്കും
സപ്ലൈകോയുടെ 50-ാം വാർഷികം ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. 50-ാം വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം ജൂൺ 25 ന് രാവിലെ രാവിലെ 11:30ന് അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നിലവിൽ 1600 ഓളം ഔട്ട്‌ലെറ്റുകൾ സപ്ലൈകോയ്ക്കുണ്ട്. ഇതിൽ അവശ്യസാധനങ്ങളുടെ വിൽപനയ്ക്ക് പുറമെ മെഡിസിൻ, പെട്രോളിയം, എൽ.പി.ജി, മണ്ണെണ്ണ എന്നീ മേഖലകളിലും പ്രവർത്തനം വ്യാപിപ്പിച്ചതായി മന്ത്രി പറഞ്ഞു. സപ്ലൈകോ നിലവിൽ ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ തുടർന്നും നൽകുവാനാണ് ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായി അമ്പതാം വാർഷികത്തോടനുബന്ധിച്ച് രണ്ട് സെയിൽസ് ഓഫറുകൾ ഉൾപ്പെടെ അഞ്ച് പദ്ധതികൾ സപ്ലൈകോ നടപ്പാക്കും. ഇത് സംബന്ധിച്ച പ്രഖ്യാപനം മുഖ്യമന്ത്രി ഉദ്ഘാടന വേദിയിൽ നിർവ്വഹിക്കും.
പൊതുവിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്ന സ്ഥാപനമായ സപ്ലൈക്കോക്കെതിരെ തെറ്റായ പ്രചാരണം നടക്കുന്നതായും ഇത് ബിസിനസിനെ ബാധിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി. സബ്സിഡിയില്ലാത്ത സാധനങ്ങളും വിൽക്കുന്ന സ്ഥാപനത്തിൽ എല്ലാ ഉത്പന്നങ്ങളും 5 മുതൽ 30 ശതമാനം വരെ വിലകുറച്ചാണ് നൽകുന്നത്. എന്നാൽ സബ്സിഡി ഉത്പന്നങ്ങൾ മാത്രം വിൽക്കുന്ന സ്ഥാപനമായി ബ്രാൻഡ് ചെയ്യുകയും തെറ്റായ പ്രചാരണം നടത്തുകയും ചെയ്തതോടെ വിൽപന കുറഞ്ഞു. മെഡിസിൻ, പെട്രോളിയം, എൽ.പി.ജി, എഫ് എം സി ജി ഉത്പന്നങ്ങൾ എന്നിവയുടെ വിൽപനയിൽ ലാഭത്തിലാണ് സപ്ലൈകോ.
സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളായ വിപണി ഇടപെടൽ, നെല്ല് സംഭരണം, സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണം, റേഷൻ വാതിൽപ്പടി വിതരണം, ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നത്, ഭക്ഷ്യ കിറ്റ് വിതരണം എന്നിങ്ങനെ സർക്കാർ നിർദ്ദേശിക്കുന്ന പ്രകാരം കാര്യക്ഷമതയോടു കൂടി നടപ്പിലാക്കുന്ന പൊതുമേഖലാ സ്ഥാപനമായ സപ്ലൈകോയെ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രതവേണം. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ 12 കോടി സൗജന്യ കിറ്റുകളാണ് സപ്ലൈകോ മുഖേന ജനങ്ങളിലേയ്ക്ക് എത്തിച്ചത്. ഒരു സംസ്ഥാനത്ത് ഇത്രയും ശക്തമായ ശൃംഖലയുള്ളതും എല്ലാ വിഭാഗം ജനങ്ങളിലേയ്ക്കും എത്തിച്ചേരാൻ കഴിയുന്നതുമായ ഒരു സർക്കാർ ഏജൻസി രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും കാണാൻ കഴിയില്ല. 2016 വരെ പൊതുവിപണിയിലെ വിലനിലവാരം മനസ്സിലാക്കി അതിൽ നിന്നും ഒരു നിശ്ചിത ശതമാനം സബ്സിഡി നൽകിയാണ് സപ്ലൈകോയിൽ സാധനങ്ങൾ വിൽപന നടത്തിയിരുന്നത്. എന്നാൽ 2016 മുതൽ 2024 ഫെബ്രുവരി വരെ സർക്കാർ തീരുമാന പ്രകാരം 13 ഇനം അവശ്യസാധനങ്ങളുടെ വില വർദ്ധിപ്പിച്ചിട്ടില്ല. 2024 ഫെബ്രുവരി മാസത്തിലാണ് മന്ത്രിസഭാ യോഗ തീരുമാന പ്രകാരം അവശ്യസാധനങ്ങൾക്ക് പൊതുവിപണിയിൽ നിന്നും 35 ശതമാനം കിഴിവ് നൽകി വില പുതുക്കി നിശ്ചയിച്ചത്. 8 വർഷക്കാലം വില വർദ്ധിപ്പിക്കാതെ അവശ്യസാധനങ്ങൾ വിൽപന നടത്തിയതിലൂടെ സപ്ലൈകോയ്ക്ക് വലിയ ബാധ്യത ഉണ്ടായിട്ടുണ്ട്. ഇതി പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ ധനകാര്യ വകുപ്പുമായി ചർച്ച ചെയ്തു വരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.
സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം സബ് സിഡി സാധനങ്ങളുടെ ലഭ്യതയിൽ ചില ഇനങ്ങളുടെ കാര്യത്തിൽ കുറവുണ്ടായിട്ടുണ്ട്. എന്നാൽ 7-9 സാധനങ്ങൾ ലഭ്യമായിരുന്നു. തെറ്റായ പ്രചാരണങ്ങൾ ഉണ്ടായതോടെ സംസ്ഥാനത്തിന് പുറത്ത് നിന്ന് ലഭിക്കുന്ന സാധനങ്ങൾ മുൻകാലങ്ങളിലേത് പോലെ കടമായി വാങ്ങാൻ കഴിയാത്ത സ്ഥിതിയുണ്ടായി. ഇതാണ് പഞ്ചസാര ലഭ്യതയിലടക്കം സംഭവിച്ചത്. 2-3 ആഴ്ചക്കകം പഞ്ചസാര ലഭ്യമാകുമെന്നും നെഗറ്റീവ് പ്രചാരണങ്ങളിലൂടെ ജനങ്ങളെ സപ്ലൈകോയിൽ നിന്ന് അകറ്റുന്ന നിലപാട് പാടില്ലെന്നും മന്ത്രി പറഞ്ഞു.