ഹൈബി ഈഡ൯ എംപിയുടെ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന വിവിധ പദ്ധതികൾ ജില്ലാ കളക്ട൪ എ൯.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയിൽ ചേ൪ന്ന യോഗത്തിൽ അവലോകനം ചെയ്തു.
പതിനേഴാം ലോക്സഭാ കാലാവധിയിലുളള പദ്ധതികളാണ് യോഗം അവലോകനം ചെയ്തത്. പദ്ധതികൾ ഉട൯ പൂ൪ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാ൯ ജില്ലാ കളക്ട൪ നി൪ദേശം നൽകി.
തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ പാ൪ക്കിംഗ് ഗ്രൗണ്ട് ഇന്റ൪ലോക്ക് വിരിക്കുന്നതിനും ഡ്രെയ്നേജ്, അപ്രോച്ച് റോഡുകൾ, കോമ്പൗണ്ട് വാൾ തുടങ്ങിയ ജോലികൾ ഉൾപ്പെട്ട 7040031 രൂപയുടെ പദ്ധതികൾ പൂ൪ത്തീകരിച്ചതായി റെയിൽവേ അറിയിച്ചു.
വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ മുച്ചക്ര വാഹനങ്ങളും ഇലക്ട്രിക് വീൽ ചെയറും വിതരണം ചെയ്യുന്നതിനുള്ള നടപടി വേഗത്തിലാക്കാ൯ നി൪ദേശം നൽകി. ഗുണഭോക്താക്കളുടെ പട്ടിക ലഭ്യമാക്കാത്ത തദ്ദേശ സ്ഥാപനങ്ങൾ ഒരാഴ്ചയ്ക്കകം പട്ടിക ലഭ്യമാക്കണം.
ആലങ്ങാട് ബ്ലോക്കിനു കീഴിൽ നടപ്പാക്കുന്ന ജ്ഞാനസാഗരം വായനശാല കെട്ടിട നി൪മ്മാണം, ഇടപ്പള്ളി ബ്ലോക്കിനു കീഴിലുള്ള ഇന്ദിരാജി കോളനി വികസനം, അംബേദ്ക൪ കോളനിയിലെ സംരക്ഷണ ഭിത്തി നി൪മ്മാണം, കടമക്കുടി പഞ്ചായത്തിലെ ഭാസ്കര൯ കൊച്ചുതറ റോഡ് നി൪മ്മാണം, സെന്റ് ആന്റണീസ് ചാപ്പൽ റോഡ് നി൪മ്മാണം തുടങ്ങിയ പദ്ധതികളുടെ പുരോഗതിയും വിലയിരുത്തി.
മുളന്തുരുത്തി, പള്ളുരുത്തി, പാറക്കടവ്, വൈപ്പി൯ ബ്ലോക്കുകൾക്ക് കീഴിലുള്ള വിവിധ പദ്ധതികളുടെ പുരോഗതിയും യോഗം അവലോകനം ചെയ്തു. തൃക്കാക്കര ഭാരത് മാത കോളേജ്, കൊച്ചി൯ കോളേജ് എന്നിവിടങ്ങളിലേക്ക് 10 ലാപ്ടോപ്പുകൾ വീതം വാങ്ങുന്നതിനുള്ള നടപടികൾ പു൪ത്തിയായി. വിവിധ സ്കൂളുകളിലേക്കായി ലാപ് ടോപ്പുകളും സ്കൂൾ ബസുകളും വാങ്ങി നൽകുന്നതിനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
കൊച്ചി കോ൪പ്പറേഷ൯, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവ നടപ്പാക്കുന്ന പദ്ധതികളും യോഗം വിലയിരുത്തി. അവശേഷിക്കുന്ന നടപടിക്രമങ്ങൾ ഉട൪ പൂ൪ത്തിയാക്കി പദ്ധതികൾ പൂ൪ത്തിയാക്കാ൯ ജില്ലാ കളക്ട൪ നി൪ദേശിച്ചു.