പലരും സ്വന്തം വളർത്തുമൃഗങ്ങളെ അതിരറ്റ് സ്നേഹിക്കുന്നുണ്ട്. മനുഷ്യരും വളർത്തുമൃഗങ്ങളും തമ്മിലുള്ള മാനസിക അടുപ്പം അനിർവചനീയം തന്നെ. മനുഷ്യൻ്റെ ഏറ്റവും നല്ല ചങ്ങാതി ആണല്ലോ നായ.
അടുത്തിടെ മുംബൈയിലെ ഒരു വനിത തൻ്റെ വളർത്തു നായയുടെ പിറന്നാളിന് വിലപ്പെട്ട ഒരു സമ്മാനം തന്നെയാണ് നൽകിയത്. ടൈഗർ എന്ന് പേരുള്ള തൻ്റെ വളർത്തുനായയ്ക്ക് സരിത സൽദാൻഹ രണ്ടര ലക്ഷം വിലയുള്ള സ്വർണ്ണമാല ആണ് സമ്മാനിച്ചത്. മുംബൈ ചെമ്പൂരിലെ ഒരു ജ്വല്ലറി ആയ അനിൽ ജ്വല്ലേഴ്സ് ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ ഷെയർ ചെയ്തു. സരിത നായയുടെ കഴുത്തിൽ മാല അണിയിക്കുന്നതും നായ വാലാട്ടുന്നതും വീഡിയോയിൽ കാണാം.
വീഡിയോയിലെ അടിക്കുറിപ്പ് ഇങ്ങനെയാണ് : “ഞങ്ങളുടെ കസ്റ്റമർ സരിത മാഡം സ്വന്തം നായയുടെ പിറന്നാൾ ആഘോഷിച്ചത് ഒരു പ്രത്യേക രീതിയിലാണ്. നല്ലൊരു മാലയാണ് സമ്മാനമായി നൽകിയത്. നായ വളരെ സന്തോഷത്തോടെ വാലാട്ടുന്നുണ്ടായിരുന്നു. ഈ സന്തോഷത്തിൽ ഞങ്ങളും പങ്കു ചേരുന്നു.”
സോഷ്യൽ മീഡിയയിലെ പലരും ആശംസകൾ അറിയിച്ചു. നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തെ പലരും പ്രശംസിച്ച് എഴുതി. നായക്ക് ദൃഷ്ടി ദോഷം വരാതിരിക്കട്ടെ എന്നു വരെ പലരും കമൻ്റുകൾ എഴുതി.