ജൂലൈ 11-12 തീയതികളിൽ സാർക്ക്, ലോകാരോഗ്യ സംഘടന, യുനിസെഫ്, യുഎൻഎഫ്പിഎ എന്നിവ സംയുക്തമായി കാഠ് മണ്ഡുവിൽ സംഘടിപ്പിച്ച ദ്വിദിന പ്രാദേശിക സംവാദം സാർക്ക് സെക്രട്ടറി ജനറൽ അംബാസഡർ ഗോലം സർവാർ ഉദ്ഘാടനം ചെയ്തു.
യൂണിസെഫും വേൾഡ് ഹെൽത്ത് ഓർഗനൈസേഷനും യുണൈറ്റഡ് നേഷൻസ് ഫണ്ട് ഫോർ പോപ്പുലേഷൻ ആക്ടിവിറ്റീസും ചേർന്ന് നടത്തിയ വിശകലനത്തിൽ ബാലികാ വിവഹങ്ങളെ കുറിച്ച് ചില കാര്യങ്ങൾ കണ്ടെത്തി. ദക്ഷിണേഷ്യയിൽ മാത്രമായി 290 മില്യൺ ബാലികാ വധുക്കൾ ഉണ്ട്. ഇത് ലോകത്തിൽ മൊത്തം ഉള്ളതിന്റെ ഏകദേശം പകുതിയാണ്.
ദക്ഷിണേഷ്യയിൽ സ്കൂളിൽ പോകുന്ന കുട്ടികളുടെ എണ്ണത്തേക്കാൾ നാലിരട്ടിയെണ്ണം കുട്ടികൾ സ്കൂളിൽ പോകാത്തവരാണ്. ദക്ഷിണേഷ്യയിൽ 2.2 മില്യൻ കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾ പ്രസവിക്കുന്നുണ്ട്.
ഇതിൽ ഓരോ വർഷവും ഏകദേശം 6500 പെൺകുട്ടികൾ പ്രസവത്തോടെ മരിച്ചു പോകുന്നുണ്ട്. കൗമാര പ്രായത്തിലുള്ള പെൺകുട്ടികൾ ഗർഭിണിയാകുമ്പോൾ അത് അവരുടെ ജീവന് തന്നെ അപകടകരമായ അവസ്ഥയാണ്. 20 നും 30 നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളെ അപേക്ഷിച്ച് കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾക്ക് ഗർഭിണിയായാൽ പ്രസവത്തോടെ ജീവൻ നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രായപൂർത്തി ആകാത്തത് കൊണ്ട് അവരുടെ ശരീരത്തിന് അതിനുള്ള പ്രാപ്തി ഉണ്ടാവുകയില്ല. ദക്ഷിണേഷ്യയിൽ തന്നെ 49% കൗമാര പെൺകുട്ടികൾ പഠിക്കാൻ പോകാറുമില്ല, ജോലിക്ക് പോകാറുമില്ല.
“കൗമാരപ്രായക്കാരായ പെൺകുട്ടികൾക്ക് പ്രത്യേകിച്ച് വിവാഹിതരോ ഗർഭിണികളോ മാതാപിതാക്കളോ ആയവർക്കായി അഭിവൃദ്ധി നേടാനുള്ള സഹായങ്ങൾ ചെയ്യണം. പഠിക്കാനും നല്ല ആരോഗ്യ സംരക്ഷണം നേടാനും പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാനും സാധിക്കാത്തവരാണ് അവർ. അവർക്ക് കഴിവുകൾ വളർത്തിയെടുക്കാനും സ്വയം തൊഴിൽ ആരംഭിക്കാനുമുള്ള അവസരം നിഷേധിക്കപ്പെടുന്നു,” യുനിസെഫ് ഏഷ്യ റീജിയണൽ ഡയറക്ടർ സഞ്ജയ് വിജശേഖര പറഞ്ഞു.
അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മാലിദ്വീപ്, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള ഗവൺമെൻ്റ്, യുഎൻ ഉദ്യോഗസ്ഥർ, സാമൂഹ്യ പ്രതിനിധികൾ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുക്കുകയും ഗർഭിണികളായ കൗമാരക്കാരായ പെൺകുട്ടികളെ സഹായിക്കുന്നതിന് മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനുള്ള സഹായഹസ്തങ്ങൾ വാഗ് ദാനം ചെയ്യുകയും ചെയ്തു.