സ്വത്തിന്റെയും പണത്തിന്റെയും പേരില്‍ വീട്ടിലെ പ്രായമായ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.
കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.
കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നതില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം പ്രധാന വില്ലനായി മാറുന്നുണ്ട്. കമ്മിഷന്റെ മുന്‍പില്‍ വന്ന ഒരു കേസില്‍ ലഹരിക്ക് അടിപ്പെട്ട മകനാണ് സ്വത്തിന്റെ പേരില്‍ വൃദ്ധയായ അമ്മയെ ആക്രമിച്ചത്.
അവര്‍ക്ക് വീട്ടില്‍ സ്വര്യമായി കഴിയാന്‍ വയ്യാത്ത സാഹചര്യമാണെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. ഭാര്യ-ഭര്‍തൃ ബന്ധത്തിലെ പ്രശ്‌നങ്ങളാണ് ഗാര്‍ഹിക പരാതികളില്‍ മിക്കതും. വിവാഹശേഷം ഭാര്യയുടെ സ്വര്‍ണവും മറ്റും കൈക്കലാക്കിയ ശേഷം സംരക്ഷിക്കാതിരിക്കുന്ന സംഭവങ്ങളുണ്ട്.
