–രാജശ്രീ അയ്യർ
വെള്ളത്തെ തടഞ്ഞുനിര്‍ത്തുന്ന തടയണകളാണ് അണക്കെട്ടുകള്‍. ജലം സംഭരിക്കാനും ജലപ്രവാഹത്തെ നിയന്ത്രിക്കാനും അണകെട്ടുന്നു. നദികള്‍ക്കും തടാകങ്ങള്‍ക്കും കുറുകെ കെട്ടുന്ന അണക്കെട്ടുകളിലെ ജലം പല ആവശ്യങ്ങള്‍ക്കും മനുഷ്യന്‍ ഉപയോഗിച്ചുവരുന്നു.
ബിസി 3000-ല്‍ ജോര്‍ദാനില്‍ 15 അടി ഉയരത്തില്‍ കല്ലുകള്‍ കൊണ്ട് മതില്‍ കെട്ടി അണകെട്ടിയിരുന്നതായി കരുതുന്നു. ഈജിപ്തിലെ മെഫിസ് നഗരത്തെ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷിക്കാന്‍ നൈല്‍നദിയില്‍ അണക്കെട്ടു നിര്‍മ്മിച്ചിരുന്നു. മെസപ്പൊട്ടാമിയയില്‍ ടൈട്രിസ്, യൂഫ്രട്ടീസ് നദികളിലെ ജലപ്രവാഹത്തെ നിയന്ത്രിക്കാനായിരുന്നു അണകള്‍ കെട്ടിയിരുന്നത്. പുരാതനഈജിപ്തില്‍ ബിസി 2800-നും 2600-നും ഇടയ്ക്ക് നിര്‍മ്മിച്ച അണക്കെട്ടായിരുന്നു സാഡ്ല്‍-കഫാറ ഡാം. വെള്ളപ്പൊക്കം തടയാനായി പണിത ഈ അണ കനത്ത മഴയില്‍ തകര്‍ന്നുപോവുകയും ചെയ്തു.
റോമാക്കാരുടെ കാലത്തും അണകള്‍ നിര്‍മ്മിച്ചിരുന്നുവത്രേ. ഇവരുടെ അണക്കെട്ടുകളെ നിര്‍മ്മാണകലയിലെ മികവ് എടുത്തുകാട്ടുന്ന ശാസ്ത്രമാതൃകകളായി കണക്കാക്കുന്നു. 50 മീറ്റര്‍ ഉയരമുള്ള അണക്കെട്ടുകളായിരുന്നു ഇവര്‍ നിര്‍മ്മിച്ചിരുന്നത്. ചൈനയില്‍ ബിസി 251-ല്‍ പണികഴിപ്പിച്ച അണക്കെട്ടാണ് ദു ജിയാങ് യാന്‍. എ.ഡി. 10-ാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ പല അണക്കെട്ടുകളും നിര്‍മ്മിച്ചിട്ടുണ്ട്. ഗ്രാമങ്ങളില്‍ ജലസേചനസൗകര്യം ഏര്‍പ്പെടുത്താന്‍ വേണ്ടിയായിരുന്നു ഇത്. താഴ്ന്ന സമതലഭൂമിയില്‍ സ്ഥിതിചെയ്യുന്ന നെതര്‍ലാന്‍ഡില്‍ നദികളിലെ ജലപ്രവാഹത്തെ നിയന്ത്രിക്കാനും നദികളില്‍ കടല്‍വെള്ളം പ്രവേശിക്കുന്നത് തടയാനും വേണ്ടിയായിരുന്നു അണക്കെട്ടുകള്‍ നിര്‍മ്മിച്ചിരുന്നത്.
1950 മുതല്‍ക്കാണ് അണക്കെട്ടുകളുടെ നിര്‍മ്മാണത്തിലും രൂപകല്‍പ്പനയിലും നൂതനമായ പരിഷ്കാരങ്ങള്‍ വന്നുതുടങ്ങിയത്. പുരോഗതിയുടെ അടയാളങ്ങളായി ഇവ മാറി. വലിയ ഡാമുകളുടെ കാലം ആരംഭിച്ചത് ലാസെഗ്വാസിലെ കൊളോര്‍ഡോ നദിയിലെ ഹൂവര്‍ഡാം നിര്‍മ്മിച്ചതു മുതല്‍ക്കാണ്. 1997-ലെ കണക്കനുസരിച്ച് ലോകത്തില്‍ മൊത്തം ചെറുതും വലുതുമായ ഏകദേശം എട്ടുലക്ഷം അണക്കെട്ടുകളുണ്ടത്രേ. 15 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ളവയുടെ എണ്ണം നാല്‍പ്പതിനായിരത്തില്‍ കൂടും. ആകൃതിയും നിര്‍മ്മിക്കാനുപയോഗിക്കുന്ന വസ്തുക്കളെയും അടിസ്ഥാനമാക്കി ഡാമുകളെ പല വിധത്തില്‍ തരംതിരിച്ചിട്ടുണ്ട്. ആര്‍ച്ച് ഡാം, ഗ്രാവിറ്റി ഡാം, ആര്‍ച്ച്-ഗ്രാവിറ്റി ഡാം, ബാരേജ് ഡാം, എംബാന്‍ക്മെന്‍റ് ഡാം, കോണ്‍ക്രീറ്റ് ഡാം തുടങ്ങിയവയാണവ. മണ്ണൊലിപ്പ് തടയാനും നദികളുടെ പ്രവാഹം നിയന്ത്രിക്കാനും നിര്‍മ്മിക്കുന്ന ചെറിയ ഡാമുകളാണ് ചെക്ക് ഡാമുകള്‍. മുന്‍കാലങ്ങളില്‍ സ്റ്റീല്‍പ്ലേറ്റുകള്‍, തടികള്‍ എന്നിവയുപയോഗിച്ചും അണക്കെട്ടുകള്‍ നിര്‍മ്മിച്ചിരുന്നു. (തുടരും)