–രാജശ്രീ അയ്യർ
അണക്കെട്ട് ചെറുതായാലും വലുതായാലും അതിന്‍റെ സുരക്ഷ നേരിടുന്ന ഭീഷണികള്‍ ഗൗരവമായിത്തന്നെ എടുക്കേണ്ടതുണ്ട്. ലോകത്ത് പലയിടത്തും ഡാം തകര്‍ന്ന ചരിത്രങ്ങളുണ്ട്. ഇതിന്‍റെ കാരണങ്ങള്‍ പലതാണ്. രൂപകല്‍പ്പനയിലുണ്ടായിട്ടുള്ള പാകപ്പിഴവുകള്‍ ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് വഴിതെളിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്.
ദക്ഷിണഫ്രാന്‍സില്‍ ഫ്രെജസ് എന്ന സ്ഥലത്ത് നിര്‍മ്മിച്ച മല്‍പാസെറ്റ് ഡാം തന്നെ ഇതിനുദാഹരണം. ഈ പ്രദേശം ഡാം നിര്‍മ്മിക്കാന്‍ അനയോജ്യമല്ലെന്ന വിദഗ്ദ്ധോപദേശത്തെ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു അണക്കെട്ട് നിര്‍മ്മാണം. ഫലമോ? ഡാം തകര്‍ന്ന് 400-ഓളം പേര്‍ മരിച്ചു.
കനത്ത മഴയെത്തുടര്‍ന്ന് ഷട്ടറുകള്‍ തുറന്നുവിടാതിരുന്നതു മൂലവും അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 1979-ല്‍ ഇന്ത്യയിലെ ഗുജറാത്തിലുള്ള മാച്ചുനദിക്കു കുറുകെ നിര്‍മ്മിച്ച മാച്ചു-2 ഡാമിന് സംഭവിച്ചത് ഇതായിരുന്നു. ജലനിരപ്പുയര്‍ന്നാല്‍ തുറന്നുവിടേണ്ട ഷട്ടറുകള്‍ പ്രവര്‍ത്തിക്കാത്തതു കാരണമുണ്ടായ ദുരന്തത്തില്‍ 1500-ഓളം പേരുടെ ജീവനാണ് അപഹരിക്കപ്പെട്ടത്. പാക്കിസ്ഥാനിലെ ടാര്‍ബെല ഡാമിനും ഇതേ ദുരന്തം ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്.
നിര്‍മ്മാണത്തില്‍ പിഴവ് സംഭവിക്കാതിരിക്കാന്‍ എഞ്ചിനീയറിംഗ് വിദഗ്ദ്ധരായിരിക്കണം അണക്കെട്ട് രൂപകല്‍പ്പന ചെയ്യേണ്ടത്, മേന്മയേറിയ നിര്‍മ്മാണവസ്തുക്കള്‍ ഉപയോഗിക്കണം, ചിട്ടയായ മേല്‍നോട്ടത്തിലുള്ള മനുഷ്യപ്രയത്നവും കൂടിയേ തീരൂ. ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണികളും നടത്തേണ്ടതുണ്ട്.
ഇറ്റലിയിലെ വയോന്‍റ് നദിക്കു കുറുകെ 1960-ല്‍ നിര്‍മ്മിച്ച ഈ ഡാമില്‍ 1962-ല്‍ പതിനഞ്ചുപ്രാവശ്യം ഭൂചലനമനുഭവപ്പെട്ടു. 1963-ല്‍ വെറും പതിനഞ്ചുദിവസത്തിനുള്ളില്‍ അറുപത് പ്രാവശ്യം ഭൂകമ്പമനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് നദിയുടെ ഒരു ഭാഗത്തുള്ള മോണ്‍ടോക് പര്‍വ്വതം ഇടിഞ്ഞ് ഡാമില്‍ പതിച്ചു. ഡാമിലെ വെള്ളം കരകവിഞ്ഞൊഴുകി. ഈ ദുരന്തത്തില്‍ അടുത്ത ഗ്രാമങ്ങളിലെ 2000-ഓളം പേര്‍ മരിച്ചു.
262 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിച്ച വയോന്‍റ് ഡാമില്‍ ഭൂചലനമുണ്ടായപ്പോഴൊക്കെ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മുന്നിറിയിപ്പുകളൊന്നും അധികൃതര്‍ കാര്യമായെടുത്തില്ല. വയോന്‍റ് ഡാമിനുണ്ടായ ദുരന്തത്തെ എഞ്ചിനീയറിംഗിന്‍റെ പിഴവായി പിന്നീട് യുനെസ്കോ വിലയിരുത്തി.
വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് ഡാം നിര്‍മ്മിച്ചത്. വ്യാവസായികവിപ്ലവത്തെത്തുടര്‍ന്ന് 1920 മുതല്‍ ഇറ്റലിയില്‍ അണക്കെട്ട് നിര്‍മ്മിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഡാം നിര്‍മ്മിച്ചുതുടങ്ങിയപ്പോള്‍ത്തന്നെ സമീപത്തുള്ള മോണ്‍ടോഗ് പര്‍വ്വതത്തിന്‍റെ ഒരു ഭാഗം അത്ര ഉറപ്പില്ലാത്തതാണെന്നും അത് ഭാവിയില്‍ ഇടിഞ്ഞുവീഴാന്‍ സാധ്യതയുണ്ടെന്നും വിദഗ്ദ്ധടീം അഭിപ്രായപ്പെട്ടിരുന്നു.
പര്‍വ്വതം ഇടിഞ്ഞുവീണാലും അതിനുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നായിരുന്നു ഉത്തരവാദപ്പെട്ടവര്‍ പറഞ്ഞത്. വെള്ളം നിറഞ്ഞാല്‍ അപകടസാധ്യത കൂടുമെന്ന വിദഗ്ദ്ധനിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ കണക്കിലെടുത്തില്ല.
1963 ഒക്ടോബറില്‍ കനത്ത മഴയെത്തുടര്‍ന്ന് പര്‍വ്വതത്തില്‍ നിന്നും മണ്ണും പാറക്കല്ലുകളും ഇടിഞ്ഞുവീണ് ഡാമിന്‍റെ മുന്‍ഭാഗം തകര്‍ന്നു. വെള്ളം താഴ്വരയിലേക്കൊഴുകി. അടിത്തട്ടിലെ ഗ്രാമങ്ങള്‍ മുങ്ങി. സംഭവിച്ച ദുരന്തം അപ്രതീക്ഷിതമാണെന്നും ഒഴിവാക്കാന്‍ പറ്റാത്തതായിരുന്നുവെന്നും സര്‍ക്കാര്‍ പറഞ്ഞു. ഡാമിന്‍റെ അവശിഷ്ടം ഇപ്പോഴും അതേപടി നിലകൊള്ളുന്നു. (തുടരും)