–രാജശ്രീ അയ്യർ
ലോകത്തെ മറ്റ് അണക്കെട്ട് ദുരന്തങ്ങള്‍
സെന്റ് ഫ്രാന്‍സിസ് ഡാം, കാലിഫോര്‍ണിയ
കാലിഫോര്‍ണിയയിലെ ലോസ്ആഞ്ചല്സിനടുത്ത് സാന്താ ക്ലാരാ നദിയ്ക്കു കുറുകെ 1924-നും 1926-നും ഇടയ്ക്കാണ് ഈ ഡാം നിര്‍മ്മിച്ചത്. 1928-ല്‍ ഡാം തകര്‍ന്ന് 450-ലധികം ആളുകള്‍ക്ക് ജീവന് നഷ്ടപ്പെട്ടു. പലരെയും കാണാതായി. വെള്ളത്തിന്റെ കുത്തൊഴുക്കില്‍പെട്ട് അനേകം പേര് കടലിലേക്കും ഒഴുകിപ്പോയി. അമേരിക്കയ്ക്ക് സംഭവിച്ച ഗുരുതരമായ എഞ്ചിനീയറിംഗ് പാളിച്ചയായി ലോകം ഇതിനെ കണ്ടു.
ലോസ്ആഞ്ചല്‍സില്‍ ജലവിതരണത്തിനുവേണ്ടിയായിരുന്നു ഡാം നിര്‍മ്മിച്ചത്. വെള്ളം നിറഞ്ഞപ്പോള്‍ത്തന്നെ ഡാമില്‍ വിള്ളലുകളുണ്ടായി. അടിത്തറയിളകി വെള്ളത്തില്‍ ചെളി നിറഞ്ഞു. എന്നാല്‍ പരിശോധനയില്‍ ഡാമിന് കുഴപ്പമൊന്നുമില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. ഡാം നിര്‍മ്മിച്ച സ്ഥലം അതിന് ഒട്ടും യോജിച്ചതായിരുന്നില്ല എന്നായിരുന്നു വര്‍ഷങ്ങള്‍ക്കുശേഷം ഗവേഷകരുടെ വിലയിരുത്തല്‍. നേരത്തെ ഭൂചലനമുണ്ടായ മണ്ണിന്മേലായിരുന്നുവത്രേ ഡാമിന്റെ നിര്‍മ്മിതി.
ഡാം കെട്ടിപ്പൊക്കുന്നതിനിടയില്‍ രണ്ടു പ്രാവശ്യം പൊക്കം കൂട്ടാനുള്ള തീരുമാനമുണ്ടാവുകയും അടിത്തറ കെട്ടുമ്പോള്‍ നിശ്ചയിച്ചിരുന്നതിലുമധികം പൊക്കത്തില്‍ ഡാമിന്റെ പണി പൂര്‍ത്തിയാക്കുകയും ചെയ്തു. ഇതും അപകടത്തിന് കാരണമായി പറയപ്പെടുന്നു. ഡാം പൊട്ടിയുണ്ടായ വെള്ളപ്പൊക്കം ‘ജോണ്‍സ്ടൗണ്‍ ഫ്ളഡ്’ എന്ന പേരിലാണ് അറിയപ്പെടുന്നത്.
സൗത്ത്ഫോര്‍ക്ക് ഡാം, യുഎസ്എ
യുഎസ്എ യിലെ പെനിസില്‍വാനിയയില്‍ 1852-ലാണ് ഈ ഡാം നിര്‍മ്മിച്ചത്. 1889-ല്‍ ഡാം തകര്‍ന്നു. ദുരന്തത്തില്‍ രണ്ടായിരത്തോളം പേര്‍ക്ക് ജീവഹാനി സംഭവിച്ചു. സ്പില്‍വേയില്‍ ചെടികളും പാഴ്വസ്തുക്കളും നിറഞ്ഞ് ഒഴുക്കു തടസ്സപ്പെട്ടിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് ഡാമില്‍ വെള്ളമുയര്‍ന്ന് ഡാം കരകവിഞ്ഞൊഴുകി.
പത്തു മിനിറ്റിനുള്ളില്‍ വെള്ളം നഗരത്തെ വിഴുങ്ങി. 36 മിനിറ്റില്‍ നയാഗ്ര വെള്ളച്ചാട്ടത്തിലൂടെ ഒഴുകിവരുന്ന വെള്ളത്തിന്റെ തുല്യഅളവായിരുന്നു ഡാം തകര്‍ന്നപ്പോള്‍ ഒഴുകിയെത്തിയത്.
സിതു ഗിന്റുംഗ് ഡാം, ഇന്‍ഡോനേഷ്യ
ഇന്‍ഡോനേഷ്യയിലെ ടാന്ഗെറാംഗ് ജില്ലയിലെ സിതു ഗിന്റംഗ് തടാകത്തിനു മുകളില്‍ 1933-ലാണ് ഡാം നിര്‍മ്മിച്ചത്. കൃഷിആവശ്യത്തിനാണ് വെള്ളം തടഞ്ഞുനിര്‍ത്തി അണ കെട്ടിയത്. പലപ്പോഴും ഡാമില്‍ വിള്ളലുകളുണ്ടായി വെള്ളം കുത്തിയൊഴുകിയതായി സമീപവാസികള്‍ പരാതി നല്‍കിയിരുന്നുവെങ്കിലും നടപടികളൊന്നുമുണ്ടായില്ല. ഡാം നിര്‍മ്മിച്ചതിനു ശേഷം ഒരു രീതിയിലുള്ള അറ്റകുറ്റപ്പണികളും നടത്തിയിരുന്നുമില്ല.
2009-ലെ കനത്ത മഴയില്‍ ഡാമിലെ ജലനിരപ്പുയര്‍ന്നു. ഡാം തകര്‍ന്ന് വീടുകളും സമീപത്തുള്ള പാലവും മുങ്ങി. ഏകദേശം നൂറുപേര് മരിച്ചു. കാലപ്പഴക്കം കൊണ്ട് ഡ്രെയിനേജ് സിസ്റ്റത്തിലുണ്ടായ കേടുപാടുകള്‍ പരിഹരിക്കാത്തതാണ് ദുരന്തകാരണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വാല്ഡി സ്റ്റാവാ ഡാം, ഇറ്റലി
വടക്കേ ഇറ്റലിയിലെ ഈ ഡാം 1985-ലാണ് തകര്‍ന്നത്. ഏതാണ്ട് 250-ഓളം പേര് മരണമടഞ്ഞു. 60-ഓളം കെട്ടിടങ്ങളും 8 പാലങ്ങളും തകര്‍ന്നു. അറ്റകുറ്റപ്പണികള്‍ ചെയ്യാതിരുന്നതാണ് ദുരന്തകാരണമെന്ന് അന്വേഷണറിപ്പോര്‍ട്ടില്‍ തെളിഞ്ഞു. ഡ്രെയിനേജ് സിസ്റ്റം ഒട്ടും പ്രവര്‍ത്തനക്ഷമമല്ലായിരുന്നു.
ബാന്ക്വിയാ ഡാം, ചൈന
ആയിരം വര്‍ഷത്തിലൊരിക്കലുണ്ടാകുന്ന വെള്ളപ്പൊക്കത്തെ തടയാനായിരുന്നു ചൈനയിലെ റൂ നദിയ്ക്കു കുറുകെ 1951-ല്‍ ഈ ഡാം നിര്‍മ്മിച്ചത്. ഇതില്‍ നിന്നും വൈദ്യുതിയും ഉല്‍പ്പാദിപ്പിച്ചിരുന്നു. 1975 ഓഗസ്റ്റിലുണ്ടായ കനത്ത മഴയില്‍ ഡാം നിറഞ്ഞു. വെള്ളം കരകവിഞ്ഞൊഴുകി. ആളുകളെ ഒഴിപ്പിക്കാനും കഴിഞ്ഞില്ല. ഇരുപത്തിഅയ്യായിരത്തോളം പേര് മരണമടഞ്ഞു. ഈ ഡാം വര്‍ഷങ്ങള്‍ക്കുശേഷം പുനര്നിര്മ്മിപ്പിക്കപ്പെട്ടു.
ഫ്യൂജിനുമാ ഡാം
ജപ്പാനിലെ സുകഗാവാ നഗരത്തിലെ എബാനാ നദിയില്‍ 1949-ല്‍ നിര്‍മ്മിച്ച ഈ ഡാം ജലസേചനസൗകര്യത്തിനായിരുന്നു ഉപയോഗിച്ചിരുന്നത്. 2011 മാര്‍ച്ചിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് ഡാം തകര്‍ന്നു. ഏകദേശം അമ്പതു പേര് മരിക്കുകയും ചെയ്തു. ശാസ്ത്രീയമായ മുന്കരുതലുകളോടെയായിരുന്നില്ല അണക്കെട്ടിന്റെ അടിത്തറ നിര്‍മ്മിച്ചതെന്ന് പിന്നീട് നടത്തിയ പഠനത്തില്‍ തെളിഞ്ഞു. (തുടരും)