–രാജശ്രീ അയ്യർ
ജലവൈദ്യുതിയും അണക്കെട്ടുകളും
അണക്കെട്ടുകളിലെ വെള്ളത്തിന്‍ നിന്നാണ് ഇന്ന് ലോകത്തില്‍ പ്രധാനമായും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. ലോകത്തിലെ മിക്ക അണക്കെട്ടുകളും ഇലക്ട്രിക് പവ്വര്‍ സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്നു. 1770-കളിലാണ് ഹൈഡ്രോളിക് മെഷീനുകള്‍ കണ്ടുപിടിക്കപ്പെട്ടത്. ഇപ്രകാരം ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് ധാന്യം പൊടിക്കാനുള്ള യന്ത്രങ്ങളാണ് ആദ്യം പ്രവര്‍ത്തിപ്പിച്ചുതുടങ്ങിയത്. 1878-ല്‍ ആദ്യ ഹൈഡ്രോഇലക്ട്രിക് പദ്ധതി വിജയകരമായി വികസിപ്പിച്ചെടുത്തു. 1881-ല്‍ നയാഗ്രാ വെള്ളച്ചാട്ടത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും തുടങ്ങി. ക്രമേണ ഈ ഉദ്ദേശ്യവുമായി അണക്കെട്ടുകള്‍ നിര്‍മ്മിക്കാനും ആരംഭിച്ചു.
ഹൈഡ്രോഇലക്ട്രിക് പവ്വര്‍ സ്റ്റേഷനുകള്‍ 50 വര്‍ഷത്തോളം സുഗമമായി പ്രവര്‍ത്തിക്കുമെന്നത് കൂടുതല്‍ പവ്വര്‍സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കാരണമായി. ഇവ പ്രവര്‍ത്തിപ്പിക്കാന്‍ അധികം ജോലിക്കാരുടെ ആവശ്യവുമില്ല. ഒരു അണക്കെട്ട് നിര്‍മ്മിക്കുന്നതുമൂലം നിറവേറ്റപ്പെടുന്ന പല ആവശ്യങ്ങളില്‍ ഒന്നു മാത്രമാണ് വൈദ്യുതി ഉല്‍പ്പാദനം എന്നതുകൊണ്ട് അണക്കെട്ട് നിര്‍മ്മിക്കാനുള്ള ചെലവ് ഭീമമായ ചെലവായി കരുതാനും കഴിയില്ല.
ഹൈഡ്രോഇലക്ട്രിക് സ്റ്റേഷനുകളില്‍ ഫോസില്‍ഇന്ധനം ഉപയോഗിക്കാത്തതുകൊണ്ട് കാര്‍ബണ്‍ഡൈഓക്സൈഡിന്‍റെ പുറന്തള്ളലും കുറവാണ്. നേരിയ തോതില്‍ മാത്രമേ കാര്‍ബണ്‍ഡൈഓക്സൈഡിന്‍റെ ബഹിര്‍ഗമനം ഉണ്ടാകുന്നുള്ളു. അതുകൊണ്ടുതന്നെ ഇത് ഗ്രീന്‍ഹൗസ്ഇഫക്റ്റ് അഥവാ ഹരിതവാതകപ്രഭാവത്തിന് കാരണമാകുന്നുമില്ല.
ചുരുക്കിപ്പറഞ്ഞാല്‍ അണക്കെട്ടിലെ വൈദ്യുതഉല്‍പ്പാദനം മറ്റ് മാര്‍ഗ്ഗത്തിലൂടെയുള്ള (കാറ്റ്, താപനിലയം, സോളാര്‍, തിരമാലകള്‍ തുടങ്ങിയവ) വൈദ്യുതഉല്‍പ്പാദനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മേന്മകളേ ഉള്ളു. പ്രധാനചെലവെന്നു പറയുന്നത് നിര്‍മ്മാണച്ചെലവു മാത്രമാണ്. മലിനീകരണം നന്നേ കുറവ്. മറ്റ് വൈദ്യുതനിലയങ്ങളേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമവുമാണ്. വെള്ളത്തിന്‍റെ അളവ് കൂടുന്തോറും വൈദ്യുതഉല്‍പ്പാദനവും വര്‍ദ്ധിക്കും. ഒരിക്കലും വറ്റാത്ത ഊര്‍ജ്ജസ്രോതസ്സാണിത്. കാരണം മഴ എന്ന പ്രതിഭാസം തന്നെ.
അണക്കെട്ടിന്‍റെ ദോഷഫലങ്ങള്‍
അണക്കെട്ടുകള്‍ നദിയില്‍ എക്കല്‍ അടിയുന്നതിനെയും നദീതടം രൂപപ്പെടുന്നതിനെയും തടയുന്നു.
അണക്കെട്ടുകളില്‍ മുകള്‍പ്പരപ്പിലെ ജലത്തിന്‍റെ താപനിലയും അടിത്തട്ടിലെ ജലത്തിന്‍റെ താപനിലയും എപ്പോഴും വ്യത്യാസപ്പെട്ടിരിക്കും. ഈ രണ്ട് ജലനിരപ്പുകളും ഒഴുക്കില്ലാത്തതുകൊണ്ട് ഒരിക്കലും കൂടിച്ചേരുന്നുമില്ല. അതിനാല്‍ ഏറ്റവും അടിയിലുള്ള വെള്ളത്തില്‍ ഓക്സിജന്‍റെ ഇളവ് വളരെ കുറവായിരിക്കും. ഇത് അടിത്തട്ടിലുള്ള സസ്യങ്ങളുടെയും മറ്റ് ജീവികളുടേയും നിലനില്‍പ്പിനെ ബാധിക്കുന്നു. വൈദ്യുതഉല്‍പ്പാദനവും ഓക്സിജന്‍റെ അളവിനെ പ്രതികൂലമായി ബാധിക്കുന്നു. ചില മത്സ്യങ്ങളുടെ വംശം നശിച്ചുപോകാനും ഇത് കാരണമായേക്കാം.
വെള്ളം തടഞ്ഞുനിര്‍ത്തുന്നത് ഭൂമിയുടെ ഭ്രമണത്തെപ്പോലും ബാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. വളരെ നിസ്സാരമായ വ്യതിയാനമാണെങ്കിലും അത് പല മാറ്റങ്ങള്‍ക്കും കാരണമായേക്കാം. ഭൂമിയിലുള്ള ജലം തുല്യമായി വിതരണം ചെയ്യപ്പെടേണ്ടതുണ്ട്. നദികള്‍ ഒഴുകി സമുദ്രത്തില്‍ ചേരുന്നു എന്ന പ്രകൃതിതത്വത്തെ ലംഘിച്ചുകൊണ്ടാണ് അണക്കെട്ടുകള്‍ നിര്‍മ്മിക്കപ്പെടുന്നത്. 1950-കള്‍ക്കുശേഷം ഭൂമിയുടെ ഭ്രമണവേഗത എട്ടുമില്യനിലൊരു സെക്കന്‍റ് (ഒരു സെക്കന്‍റിന്‍റെ എട്ടുമില്യനിലൊന്ന്) വര്‍ദ്ധിച്ചിട്ടുണ്ട്.