ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പെട്ടലിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഹയര്‍ സെക്കൻ്ററി സ്‌കൂളില്‍ ഓഗസ്റ്റ് 27 മുതല്‍ അധ്യയനം ആരംഭിക്കുമെന്ന് റവന്യു മന്ത്രി കെ. രാജന്‍ കളക്ടറേറ്റില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജി.എല്‍.പി.എസ് മേപ്പാടി, ജി.എച്ച്.എസ്.എസ് മേപ്പാടി എന്നിവയാണ് 27 ന് പ്രവര്‍ത്തനമാരംഭിക്കുന്നത്. ഉരുള്‍പൊട്ടിയ ജൂലൈ 30 മുതല്‍ നൂറ് കണക്കിന് കുടുംബങ്ങളെ താമസിപ്പിച്ചിരുന്നത് ഇവിടെയായിരുന്നു. താല്‍കാലിക പുനരധിവാസത്തിൻ്റെ ഭാഗമായി മുഴുവന്‍ കുടുംബങ്ങളേയും മാറ്റി പാര്‍ച്ചിച്ചതിനെത്തുടര്‍ന്നാണ് സ്‌കൂളുകളില്‍ പഠന പ്രവര്‍ത്തനമാരംഭിക്കുന്നത്. ദുരന്തവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും രക്ഷാ പ്രവര്‍ത്തനം മുതല്‍ താല്‍ക്കാലിക പുനരധിവാസം വരെ ടി. സിദ്ധീഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ മേഘശ്രീയുടെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടം, മേപ്പാടി ഗ്രാമ പഞ്ചായത്ത് നാട്ടുകാർ, സന്നദ്ധ സംഘടനകൾ തുടങ്ങി എല്ലാവരുടേയും സഹകരണം കൊണ്ടാണ് ഓഗസ്റ്റ് 25 നകം താല്‍ക്കാലിക പുനരധിവാസം സാധ്യമാക്കിയത്.
വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസ് മേപ്പാടി ജി.എച്ച്.എസ്.എസിലും മുണ്ടക്കൈ ജി.എല്‍.പി സ്‌കൂള്‍ മേപ്പാടി എ.പി.ജെ ഹാളിലും സെപ്റ്റംബര്‍ 2 ന് പ്രവര്‍ത്തനമാരംഭിക്കും. കുട്ടികളുടെ സന്തോഷത്തിനും മാനസികോല്ലാസത്തിനുമായി സെപ്റ്റംബര്‍ രണ്ടിന് പ്രവേശനോല്‍സവം നടത്തും. ചൂരല്‍ മലയില്‍ നിന്ന് മേപ്പാടി സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ട് വരുന്നതിന് മൂന്ന് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ സ്റ്റുഡന്‍സ് ഒണ്‍ലി ആയി സര്‍വ്വീസ് നടത്തും. മറ്റു സ്ഥലങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് വരുന്നതിന് കെ.എസ് ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ സൗജന്യ യാത്രയ്ക്കായി പ്രത്യേക പാസ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
സഹായത്തിന് ട്രോള്‍ ഫ്രീ നമ്പര്‍
താല്‍കാലിക പുനരധിവാസവും ദുരന്തവുമായി ബന്ധപ്പെട്ട മറ്റു സഹായങ്ങള്‍ക്കും ആളുകള്‍ക്ക് ബന്ധപ്പെടുന്നതിന് വിളിക്കാവുന്ന 1800 2330221 ടോള്‍ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി. അസിസ്റ്റൻ്റ് കളക്ടര്‍ ഗൗതം രാജിനാണ് ഹെല്‍പ് ഡെസ്‌കിൻ്റെ ചുമതല. ചികില്‍സ കഴിഞ്ഞ് തിരിച്ച് വരുന്നവര്‍ക്ക് സഹായം നല്‍കും. ദുരന്തത്തില്‍ പെട്ട് ചികില്‍സ കഴിഞ്ഞ് തിരിച്ച് വരുന്നവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സഹായങ്ങളും നല്‍കുന്നതോടൊപ്പം അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കും. ഇവരേയും സാധാരണ ജീവിതത്തിലേക്ക് കൊണ്ട് വരുന്നതിനുള്ള നടപടികൾ സ്വീകരിക്കും. സ്ഥിര പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതിപക്ഷനേതാവ്, പ്രതിപക്ഷ ഉപനേതാവ് എന്നിവരുമായി ആലോചിച്ചായിരിക്കും തീരുമാനമെടുക്കുക. പത്രസമ്മേളനത്തില്‍ ടി.സിദ്ധീഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. ബാബു എന്നിവര്‍പങ്കെടുത്തു.