കോട്ടയം: ഹോമിയോപ്പതി വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ മൂന്നിലവില്‍ വയോജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ചാര്‍ലി ഐസക് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കൃഷ്ണന്‍ ഈറ്റക്കല്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ പി. എല്‍. ജോസഫ്, ഇത്തമ്മ മാത്യു, ജോളി ടോമി, മെഡിക്കല്‍ ഓഫീസര്‍ ഡോ. നിമ്മി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
പഞ്ചായത്തില്‍ സാന്ത്വനചികിത്സാ പരിചരണം നല്‍കുന്ന പാലിയേറ്റീവ് കെയര്‍ നേഴ്‌സ് സുജാത സ്റ്റാന്‍ലിയെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് എണ്‍പതോളം വയോജനങ്ങള്‍ക്ക് യോഗയില്‍ പ്രത്യേകപരിശീലനം നല്‍കി. ഡോ. അനു, ഡിസ്പെന്‍സറി ജീവനക്കാര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി . വലിയകുമാരമംഗലം സെന്റ് പോള്‍ എച്ച്.എസ്.എസ് നാഷണല്‍ സര്‍വീസ് സ്‌കീം ടീമിന്റെ സേവനവും ക്യാമ്പില്‍ പ്രയോജനപ്പെടുത്തി.