എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പുരസ്കാരങ്ങൾ സമ്മാനിക്കും.
-മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: കെ.എ. കൊടുങ്ങല്ലൂർ സാഹിത്യ പുരസ്കാരങ്ങൾ 2024 സെപ്റ്റംബർ 6 വൈകീട്ട് 4 മണിക്ക് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വിതരണം ചെയ്യും. കോഴിക്കോട് കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പുരസ്കാരങ്ങൾ സമ്മാനിക്കും. ഗ്രന്ഥകാരനും മുതിർന്ന പത്രപ്രവർത്തകനുമായ ടി.പി. ചെറൂപ്പ കെ.എ. കൊടുങ്ങല്ലൂർ അനുസ്മരണ പ്രഭാഷണം നടത്തും. എഴുത്തുകാരായ പി.കെ. പാറക്കടവ്, നിധീഷ് നടേരി, മാധ്യമം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.എം. സാലിഹ്, മാധ്യമം റിക്രിയേഷൻ ക്ലബ് പ്രസിഡന്റ് എം. സൂഫി മുഹമ്മദ്, ജനറൽ സെക്രട്ടറി പി. ഷംസുദ്ദീൻ, കെ.എ. കൊടുങ്ങല്ലൂർ അവാർഡ് കമ്മിറ്റി കൺവീനർ എം. കുഞ്ഞാപ്പ തുടങ്ങിയവർ സംബന്ധിക്കും. കോഴിക്കോട് മെഹ്ഫിൽ സംഘത്തിന്റെ ‘സോജാ രാജകുമാരീ…’ സംഗീതപരിപാടിയും അരങ്ങേറും.
2022 സെപ്റ്റംബറിൽ മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘പടപ്പ്’ എന്ന ചെറുകഥക്കാണ് ഫസീല മെഹർ പുരസ്കാരം നേടിയത്. മാതൃഭൂമി ആഴ്ചപ്പതിപ്പ് 2023ലെ റിപ്പബ്ലിക് പതിപ്പിൽ പ്രസിദ്ധീകരിച്ച ‘എന്‍റെ അമ്മൂമ്മ ഒരു ചരിത്രവനിത’യ്ക്കാണ് അമലിന് പുരസ്കാരം.
പ്രശസ്ത സാഹിത്യകാരനും ചിന്തകനും വാരാദ്യമാധ്യമം പ്രഥമ എഡിറ്ററുമായ കെ.എ. കൊടുങ്ങല്ലൂരിന്റെ സ്മരണയ്ക്ക് മാധ്യമം റിക്രിയേഷന്‍ ക്ലബ് ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്കാരം ദിനപ്പത്രങ്ങളുടെ ഞായറാഴ്ചപ്പതിപ്പുകള്‍ ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച മലയാള ചെറുകഥകൾക്കാണ് നൽകുന്നത്. 20,000 രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്. ‘മാധ്യമ’ത്തിന്റെ സഹകരണത്തോടെയാണ് അവാർഡ് നൽകുന്നത്. എഴുത്തുകാരായ ശത്രുഘ്നൻ (ചെയർമാൻ), പി.കെ. പാറക്കടവ്, നിധീഷ് നടേരി എന്നിവർ അംഗങ്ങളായ ജഡ്ജിങ് കമ്മിറ്റിയാണ് വിധി നിർണയിച്ചത്. 268 എൻട്രികളിൽ നിന്നാണ് മികച്ച കഥകൾ തെരഞ്ഞെടുത്തത്.