കോട്ടയം ജില്ലയിൽ വീണ്ടും കുഴൽപ്പണ വേട്ടയുമായി എക്സൈസ് സംഘം. ജില്ലയിൽ ഇന്ന് പരിശോധന നടത്തിയ എക്സൈസ് സംഘം അന്തർ സംസ്ഥാന ബസ്സിൽ നിന്നും കാഞ്ഞിരപ്പള്ളിയിലും പൊൻകുന്നത്തും വച്ചാണ് പണം പിടികൂടിയത്. ഒരേ ബസ്സിൽ രണ്ടിടത്തു നടത്തിയ പരിശോധനയിൽ ഏകദേശം 67 ലക്ഷത്തോളം രൂപ പിടികൂടിയത് ആണ് ലഭിക്കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട ഒരാളെ എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഈരാറ്റുപേട്ടയിൽ നിന്നും 44 ലക്ഷവും, പൊൻകുന്നത്തുനിന്ന് 23 ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്. തിങ്കളാഴ്ച രാവിലെയാണ് ബാംഗ്ലൂരിൽ നിന്നും എരുമേലിക്ക് സർവീസ് നടത്തുന്ന സ്കാനിയ ബസ്സിൽ എക്സൈസ് സംഘം പരിശോധന നടത്തിയത്. ബസ്സിനുള്ളിൽ സൂക്ഷിച്ചിരുന്ന 44 ലക്ഷത്തോളം രൂപയാണ് ഈരാറ്റുപേട്ടയിൽ നിന്നും കാഞ്ഞിരപ്പള്ളി എക്സൈസ് സംഘം പിടിച്ചെടുത്തത്.
ഇതേ ബസ്സിൽ തന്നെ പരിശോധന നടത്തിയ എക്സൈസ് സംഘം പൊൻകുന്നം ഭാഗത്തുനിന്നാണ് 23 ലക്ഷത്തോളം രൂപ പിടിച്ചെടുത്തത്. കഴിഞ്ഞ ആഴ്ച തലയോലപ്പറമ്പിൽ എക്സൈസ് സംഘം അന്തർ സംസ്ഥാന ബസ്സിൽ നടത്തിയ പരിശോധനയിൽ ഒരു കോടി രൂപയോളം പിടിച്ചെടുത്തിരുന്നു. പത്തനാപുരം സ്വദേശിയിൽ നിന്നാണ് അന്ന് ഒരു കോടി രൂപ എക്സൈസ് സംഘം പിടിച്ചെടുത്തത്.