പിക്കപ്പ് വാൻ മതിലിലും, ഗേറ്റിലും ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയുടെ കാൽവിരൽ മുറിച്ചുമാറ്റി.
തിരുവല്ല നെടുമ്പ്രം തട്ടുപുരയ്ക്കൽ മലയിൽ മത്തായി ജോർജിന്റെ ഭാര്യ ഏലിയാമ്മ മത്തായി (66) യുടെ കാൽവിരലാണ് അപകടത്തെത്തുടർന്ന് മുറിച്ചു മാറ്റേണ്ടി വന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് അപകടമുണ്ടായത്.
വീടിനു മുന്നിൽ ഏലിയാമ്മ നിൽക്കുന്ന സമയത്താണ് നിയന്ത്രണം തെറ്റിയെത്തിയ പിക്കപ്പ് വാൻ മതിലും,ഗേറ്റും തകർത്ത് ഇവരുടെ വീടിനുള്ളിലേക്ക് ഇടിച്ചു കയറിയത്. ഈ സമയം ഗേറ്റിനു സമീപം നിൽക്കുകയായിരുന്ന ഏലിയാമ്മയുടെ മുകളിലേക്ക് മതിലും, ഗേറ്റും തകർന്ന് വീഴുകയായിരുന്നു.
അപകടത്തിൽ ഇടതുകാലിന്റെ വിരലുകൾക്ക് ഗുരുതരമായി ചതവ് ഉണ്ടായി. ഇതിനു പിന്നാലെയാണ് കാലിലെ നാലാമത്തെ വിരൽ കഴിഞ്ഞദിവസം മുറിച്ചുമാറ്റേണ്ടി വന്നത്. ഇതുകൂടാതെ വലതു കാലിനും, തോളെല്ലിനും പൊട്ടൽ ഉണ്ടായിട്ടുണ്ട്. ഏലിയമ്മ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. അപകടത്തെ തുടർന്ന് പിക്കപ്പ് വാനിൽ ഉണ്ടായിരുന്നവർ ഇറങ്ങിയോടി. ഇവർ പിന്നീട് പോലീസിൽ കീഴടങ്ങിയതായാണ് വിവരം.