ചാറ്റേര്‍ഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ ഖേദം പ്രകടിപ്പിച്ച് ഏണസ്റ്റ് ആന്റ് യങ് ഇന്ത്യ (ഇ വൈ) ചെയര്‍മാന്‍ രാജീവ് മേമാനി.
ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ ഖേദം പ്രകടിപ്പിച്ചാണ് രാജീവ് രംഗത്തെത്തിയത്. ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് സംസ്‌കാരത്തിന് ചേരാത്ത പ്രവര്‍ത്തിയെന്നും മുന്‍പൊരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ലെന്നും ഇനിയൊരിക്കലും സംഭവിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവനക്കാരുടെ ക്ഷേമത്തിന് ഉയര്‍ന്ന പ്രാധാന്യം നല്‍കുമെന്നും ജീവനക്കാര്‍ക്കെല്ലാം ആരോഗ്യകരമായ തൊഴിലിടം ഉറപ്പാക്കുമെന്നും രാജീവ് മേമാനി വ്യക്തമാക്കി.
ജോലി ഭാരം മൂലം കുഴഞ്ഞുവീണാണ് 26 കാരിയായ അന്ന മരിച്ചതെന്ന കുടുംബത്തിന്റെ ആരോപണവും രാജീവ് മേനാനി തള്ളിയിരുന്നു. മറ്റേതൊരു ജീവനക്കാര്‍ക്കുമുള്ളതിന് സമാനമായ ജോലി മാത്രമായിരുന്നു അന്നയ്ക്കും ഉണ്ടായിരുന്നതെന്നാണ് രാജീവ് മേമാനി പറഞ്ഞത്.
‘സ്ഥാപനത്തിന് കീഴില്‍ ഒരു ലക്ഷത്തിനടുത്ത് ജീവനക്കാരുണ്ട്. ഓരോരുത്തരും കഠിനാധ്വാനം ചെയ്യണം എന്നതില്‍ സംശയമില്ല. നാല് മാസം മാത്രമാണ് അന്ന ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നത്. മറ്റേതൊരു ജീവനക്കാര്‍ക്കും നല്‍കിയതിന് സമാനമായ ജോലികള്‍ മാത്രമാണ് അന്നയ്ക്കും നല്‍കിയിരുന്നത്. ജോലിസമ്മര്‍ദ്ദമാണ് അന്നയുടെ മരണത്തില്‍ കലാശിച്ചതെന്ന് വിശ്വസിക്കുന്നില്ല’, രാജീവ് മേമാനി പറഞ്ഞു.
ഇക്കഴിഞ്ഞ ജൂലൈ ഇരുപതിനാണ് അന്ന താമസിക്കുന്ന സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. അമ്മ അനിത സെബാസ്റ്റ്യന്‍ മകള്‍ നേരിട്ട പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഏണസ്റ്റ് ആന്‍ഡ് യങ് കമ്ബനിയുടെ ഇന്ത്യ വിഭാഗം ചെയര്‍മാന്‍ രാജീവ് മേമാനിക്ക് കത്തയച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.