വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി പിവി അൻവർ എംഎല്‍എ രംഗത്ത്. നിലമ്പൂരില്‍ നടന്ന വനംവകുപ്പിന്റെ പരിപാടിയില്‍ വകുപ്പ് മന്ത്രി എകെ ശശീന്ദ്രനെ വേദിയില്‍ ഇരുത്തിയാണ് അൻവറിന്റെ വിമർശനം.വന്യജീവി സംരക്ഷണത്തിനൊപ്പം മനുഷ്യസംരക്ഷണ മന്ത്രി കൂടി വേണ്ട സ്ഥിതിയാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മനസ്സ് വന്യജീവികളെക്കാള്‍ ക്രൂരമാണെന്നും എംഎല്‍എ പറഞ്ഞു.
“വനത്തില്‍ ആർക്കും പ്രവേശനമില്ല. വനത്തില്‍ എന്തും നടക്കുമെന്നതാണ് സ്ഥിതി. ജനവാസ മേഖലയില്‍ സ്ഥിരമായി വന്യ ജീവി ആക്രമണം ഉണ്ടാകുകയാണ്. നഗരങ്ങളില്‍ വരെ വന്യജീവികള്‍ എത്തുന്നുണ്ട്. സോഷ്യല്‍ ഓഡിറ്റിന് വിധേയമാകത്ത വകുപ്പാണ് വനം വകുപ്പ്. അന്യർക്ക് പ്രവേശനമില്ലെന്ന് എഴുതി വെക്കുന്ന വകുപ്പാണ് വനം വകുപ്പ്. മാധ്യമപ്രവർത്തകരെയും ജനപ്രതിനിധികളെയും വനത്തിലേക്ക് കയറ്റി വിടില്ല. വനത്തിനകത്ത് വന്യജീവികള്‍ക്ക് ഭക്ഷണം കിട്ടുന്നില്ല.മനുഷ്യ – വന്യ ജീവി സംഘർഷം ശക്തമാകുമ്പോഴും ഒരു നടപടിയും ഉണ്ടാകുന്നില്ല. ഈ വിഷയം ലോക്സഭാ തെരെഞ്ഞെടുപ്പില്‍ വലിയ വോട്ടുചോർച്ചയുണ്ടാക്കി. വനം വകുപ്പുദ്യോഗസ്ഥരുടെ മനസ് വന്യ ജീവികളെക്കാള്‍ ക്രൂരമാണ്. വനം വകുപ്പുദ്യോഗസ്ഥൻ മരിച്ചിട്ട് മൃതദേഹം ഓഫീസില്‍ വക്കാൻ പോലും മേലുദ്യോഗസ്ഥർ സമ്മതിച്ചില്ല. ഇത് കമ്മ്യൂണിസ്റ്റ് രീതിയല്ല”- അൻവർ പറഞ്ഞു.അൻവറിന്റെ ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രനും പറഞ്ഞു. പൊതുജനങ്ങളോടുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം നല്ലരീതിയില്‍ അല്ലെന്ന് മന്ത്രി പറഞ്ഞു.