വാഹനങ്ങളുടെ ചില്ലുകളില്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കൂളിങ് ഫിലിം പതിപ്പിക്കാമെന്ന ഹൈക്കോടതിവിധി: ഫിലിമിൻ്റെ ഗുണനിലവാരവും മാനദണ്ഡവും പരിശോധിക്കുന്നതിനുള്ള ഉപകരണം വാങ്ങാനൊരുങ്ങി വകുപ്പ്.
അടിയന്തരമായി ഇത്തരം നൂറ് ഉപകരണം വാങ്ങി ആർ.ടി.ഒ. ഓഫീസുകളിലെക്കെത്തിക്കുവാനാണ് നീക്കം.
വാഹനത്തിന്റെ മുൻ, പിൻ ചില്ലുകളില്‍ 70 ശതമാനം, വശങ്ങളില്‍ 50 ശതമാനം എന്നിങ്ങനെ പ്രകാശം കടന്നുപോകുന്ന തരത്തില്‍ കൂളിങ് ഫിലിം ഒട്ടിക്കാമെന്നാണ് ഹൈക്കോടതി വിധി.
വാഹനത്തിന്റെ ഉള്‍വശം കാണാത്തതരത്തില്‍ ഫിലിം ഒട്ടിച്ചാല്‍ ഇനിയും പിടി വീഴും.
അനുവദനീയമായ കൂളിങ് ഫിലിമുകള്‍ ബി.എസ്.ഐ, ഐ.എസ്.ഐ. മുദ്രകളോടെയാണ് വരുന്നത്.
ക്യു.ആർ. കോഡുകളും നല്‍കുന്നുണ്ട്. ഇത് സ്കാൻ ചെയ്താല്‍ ട്രാൻസ്പാരൻസി ശതമാനവും ഗുണനിലവാര വിവരങ്ങളും മനസ്സിലാക്കാം
മോട്ടോർ വാഹനങ്ങളില്‍ അംഗീകൃത വ്യവസ്ഥകള്‍ പാലിച്ച് കൂളിങ് ഫിലിം (സണ്‍ ഫിലിം) പതിപ്പിക്കുന്നത് അനുവദനീയമാണെന്ന് കഴിഞ്ഞ ദിവസമാണ് കേരളാ ഹൈക്കോടതി ഉത്തരവിട്ടത്.
ഇതിന്റെ പേരില്‍ വാഹനങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്ന് ജസ്റ്റിസ് എൻ.നഗരേഷ് വ്യക്തമാക്കിയിരുന്നു
മോട്ടോർ വാഹനങ്ങളില്‍ ‘സേഫ്റ്റി ഗ്ലേസിങ്’ ചില്ലുകള്‍ ഘടിപ്പിക്കുന്നതിന് നിയമതടസ്സമില്ലെന്ന് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്,ഉള്‍പ്രതലത്തില്‍ പ്ലാസ്റ്റിക് ഫിലിം പിടിപ്പിച്ച് ബി.എസ്.എസ്. നിലവാരത്തോടെ പുറത്തിറക്കുന്ന ചില്ലുകളാണ് അനുവദനീയ ഗണത്തില്‍പ്പെടുന്നത്.
സേഫ്റ്റി ഗ്ലാസിന്റെ ഉള്‍പ്രതലത്തില്‍ പ്ലാസ്റ്റിക് ഫിലിം പതിപ്പിച്ചതിനെ സേഫ്റ്റി ഗ്ലേസിങ്ങിന്റെ നിർവചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ചട്ടങ്ങളില്‍ നിഷ്കർഷിക്കുന്ന സുതാര്യത പാലിക്കുന്ന സേഫ്റ്റി ഗ്ലേസിങ് ഉപയോഗിക്കുന്നത് നിയമപരമാണെന്നും ഉത്തരവില്‍ പറയുന്നു. മുന്നിലേയും പിന്നിലേയും ഗ്ലാസുകളില്‍ 70 ശതമാനത്തില്‍ കുറയാത്ത സുതാര്യമായ ഫിലിം പതിപ്പിക്കാമെന്നും വശങ്ങളിലെ സുതാര്യത 50 ശതമാനത്തില്‍ കുറയരുതെന്നുമാണ് നിയമം അനുശാസിക്കുന്നത്. സേഫ്റ്റി ഗ്ലേസിങ് വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതിന് വാഹന നിർമാതാക്കള്‍ക്ക് മാത്രമല്ല, വാഹന ഉടമകള്‍ക്കും അവകാശമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.