ആലപ്പുഴ: ആയുഷ് സ്ഥാപനങ്ങളെ ശാക്തീകരിക്കലാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രാജ്യത്ത് ആയുഷ് വിഭാഗത്തിലെ ഒരു സ്ഥാപനത്തിനും എന്‍.എ.ബി.എച്ച്. അക്രഡിറ്റേഷന്‍ ലഭിച്ചിരുന്നില്ല. കേരളമാണ് ഈ ലക്ഷ്യം ആദ്യം മുന്നോട്ടുവെച്ചത്. ഇന്ന് രാജ്യത്ത് ആദ്യഘട്ടത്തില്‍ തന്നെ എന്‍.എ.ബി.എച്ച്. അക്രഡിറ്റേഷന്‍ ലഭിച്ച 150 സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ടെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴ ജില്ല ഹോമിയോ ആശുപത്രിയില്‍ പുതുതായി പണികഴിപ്പിച്ച ഒ.പി. ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
2024-25 കാലയളവില്‍ 39 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ആയുഷ് മേഖലയില്‍ സംസ്ഥാനത്ത് നടത്തിയതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പുന്നപ്ര സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി നിര്‍മ്മിക്കുന്നതിനായി ഒരു കോടി രൂപയും തകഴി ഹോമിയോപ്പതി ഡിസ്പെന്‍സറിക്ക് 30 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. തൈക്കാട്ടുശ്ശേരി, അരൂര്‍ തുടങ്ങിയ പ്രദേശങ്ങളിലും പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സംസ്ഥാനത്തുടനീളം ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ 2400 വയോജന ക്യാമ്പുകള്‍ നടത്തുകയാണ്. ഇതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ ആയുര്‍വേദ, ഹോമിയോപ്പതി വയോജന ക്യാമ്പുകള്‍ സംഘടിപ്പിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു.
അഞ്ച് ഒ.പി. കണ്‍സള്‍ട്ടേഷന്‍ മുറികള്‍, രോഗികള്‍ക്കുള്ള വിശാലമായ കാത്തിരിപ്പ് കേന്ദ്രം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള ശുചിമുറി സൗകര്യങ്ങള്‍, യുട്ടിലിറ്റി ഏരിയ, പേ വാര്‍ഡ്, സ്യൂട്ട് റൂം തുടങ്ങിയ സൗകര്യങ്ങളാണ് പുതിയ ഒ.പി. ബ്ലോക്കില്‍ ഒരുക്കിയിരിക്കുന്നത്.ഹോമിയോപ്പതിയുടെ പിതാവ് ഡോ. സാമുവല്‍ ഹാനിമാന്റെ ഛായാചിത്രം മന്ത്രി ചടങ്ങില്‍ അനാച്ഛാദനം ചെയ്തു.എച്ച്. സലാം എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ആലപ്പുഴ നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. എം.പി. ബീന, ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എം.വി. പ്രിയ, കൗണ്‍സിലര്‍ പ്രഭാ ശശികുമാര്‍, ജില്ല ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിന്‍സി സെബാസ്റ്റ്യന്‍, ഡി.പി.എം. ഡോ. കെ.ജി. ശ്രീജിനന്‍, ഹോംകോ എം.ഡി ഡോ. ശോഭാചന്ദ്രന്‍, എച്ച്.എം.സി. അംഗങ്ങള്‍ മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.