മുഖ്യമന്ത്രിക്കെതിരെ പി വി അന്‍വര്‍ എംഎല്‍എ നടത്തിയ വസ്തുതാവിരുദ്ധമായ ആക്ഷേപങ്ങള്‍ തള്ളി സിപിഎം ജില്ലാ കമ്മറ്റി.അന്‍വറിന്റെ ആരോപണങ്ങള്‍ അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് പറഞ്ഞു.
ഒരു ജനപ്രതിനിധിക്കിണങ്ങാത്ത പ്രസ്താവനയും പ്രവൃത്തിയുമാണ് അദ്ദേഹം നടത്തുന്നത്. സ്വര്‍ണക്കടത്ത് മാഫിയയുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്ന ആരോപണം സാധൂകരിക്കുന്നതാണ് വ്യാഴാഴ്ചത്തെ വാര്‍ത്താ സമ്മേളനം. അന്‍വര്‍ പുറത്തുവിട്ട വീഡിയോയിലുള്ളത് അറിയപ്പെടുന്ന കള്ളക്കടത്ത് ക്യാരിയര്‍മാരാണ്. ഇവരെ മഹത്വവല്‍ക്കരിക്കുകയും സംരക്ഷിക്കുകയുമാണ് അന്‍വര്‍ ചെയ്തതെന്ന് മോഹന്‍ദാസ് കുറ്റപ്പെടുത്തി.
സ്വര്‍ണക്കടത്തിനും ഹവാല ഇടപാടിനുമെതിരെ ശക്തമായ നിലപാടാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ് സ്വീകരിക്കുന്നത്. പൊലീസിനെ നിര്‍വീര്യമാക്കി, കള്ളക്കടത്തും ഹവാല ഇടപാടും സുഗമമാക്കുന്നതിനാണ് അദ്ദേഹത്തിന്റെ പ്രസ്താനകള്‍ സഹായിക്കുന്നത്. കഴിഞ്ഞ ദിവസം വനംവകുപ്പിന്റെ പരിപാടിയില്‍ ജനപ്രതിനിധിയുടെ മാന്യതയ്ക്ക് നിരക്കാത്ത രീതിയിലാണ് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചത്. വേദിയില്‍നിന്ന് ഇറങ്ങിവന്ന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യം മാധ്യമങ്ങളില്‍ കണ്ടതാണ്. ജനപ്രതിനിധിക്ക് നിരക്കാത്ത രീതിയില്‍ എന്തും വിളിച്ചുപറയുകയും ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നിലപാടാണ് തുടര്‍ച്ചയായി സ്വീകരിക്കുന്നത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി എംഎല്‍എയ്ക്ക് ഒട്ടും അനുയോജ്യമല്ലാത്തതാണ് ഇത്തരം നിലപാടുകള്‍. ഇത്തരം പ്രവൃത്തികള്‍ തിരുത്തണമെന്ന് പാര്‍ടി ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ ആവശ്യപ്പെട്ടിരുന്നു. വലതുപക്ഷ ശക്തികള്‍ക്ക് സഹായകരമായ പരസ്യപ്രസ്താവനയുണ്ടാകില്ലെന്ന് ജില്ലാ നേതൃത്വത്തിന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നാണ് അദ്ദേഹത്തിന്റെ ആവര്‍ത്തിച്ചുള്ള പരസ്യപ്രസ്താവനകള്‍ വ്യക്തമാക്കുന്നത്.
എന്തും വിളിച്ചുപറയുന്ന അവസ്ഥയിലേക്ക് പിവി അന്‍വര്‍ തരംതാണു. ഇത്തരം പ്രസ്താവനകളും പ്രവൃത്തികളും ആവര്‍ത്തിക്കുന്ന രീതി തിരുത്താന്‍ സന്നദ്ധമാകണം. വലതുപക്ഷത്തിന്റെ ആയുധമായി പ്രവര്‍ത്തിക്കുന്ന പി വി അന്‍വറിന്റെ പ്രസ്താവനകളെയും പ്രവൃത്തികളെയും അവജ്ഞയോടെ തള്ളിക്കളയാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നോട്ടുവരണമെന്നും ജില്ലാ സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു.