കോട്ടയം നാട്ടകത്ത് സ്ഥാപിക്കുന്ന ഭാഷ’ -സാഹിത്യ-സാംസ്‌കാരിക മ്യൂസിയമായ അക്ഷര മ്യൂസിയത്തിലേക്കുള്ള കാരൂർ നീലകണ്ഠ പിള്ളയുടെ അർധകായ പ്രതിമ ഇന്നെത്തും.
രാവിലെ 9.30-ന് ശില്പി ശ്രീകുമാർ ഉണ്ണികൃഷ്ണൻ്റെ അങ്കമാലിയിലെ സ്റ്റുഡിയോയിൽനിന്ന് അലങ്കരിച്ച വാഹനത്തിലാണ് ശില്പം കോട്ടയത്ത് എത്തിക്കുക. സാഹിത്യപ്രവർത്തകസംഘം പ്രസിഡന്റ് പി.കെ.ഹരികുമാറിൻ്റെ നേതൃത്വത്തിലാണ് ശില്പം എത്തിക്കുന്നത്. ഉച്ചയ്ക്ക് രണ്ടിന് മ്യൂസിയത്തിൽ എത്തുന്ന ശില്പം കാരൂർ നീലകണ്ഠപ്പിള്ള യുടെ കുടുംബാംഗങ്ങളും മന്ത്രി വി.എൻ. വാസവനും ചേർന്ന് ഏറ്റുവാങ്ങും.
നാട്ടകം ഇന്ത്യാപ്രസ് പുരയിടത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ അക്ഷരമ്യൂസിയം പൂർത്തിയാകുന്നത്. 15000 ചതുരശ്ര അടിയിലാണ് മ്യൂസിയം നിർമിച്ചിരിക്കുന്നത്. നാലു ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന അക്ഷരമ്യൂസിയത്തിന്റെ ഒന്നാംഘട്ട നിർമാണപ്രവർത്തനങ്ങളാണ് നിലവിൽ പൂർത്തിയായത്.ലോകത്തിലെ ആറായിരത്തോളം ഭാഷകളുടെ വിവരണങ്ങൾ അവതരിപ്പിക്കുന്ന ലോക ഭാഷകളുടെ പ്രദർശനമാണ് അക്ഷര മ്യൂസിയത്തിലെ പ്രധാന ആകർഷണം.മ്യൂസിയത്തിൻ്റെ ഒന്നാംഘട്ട ഉദ്ഘാടനം ഒക്ടോബർ 19-ന് മുഖ്യ മന്ത്രി പിണറായി വിജയൻ നിർവഹിക്കും.