സിപിഎം നേതാവ് എം.എം. ലോറൻസിന്റെ മകള്‍ ആശ ലോറൻസിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ലോറൻസിന്റെ മൃതദേഹം ഏറ്റെടുക്കാനുള്ള കളമശ്ശേരി മെഡിക്കല്‍ കോളജിന്റെ തീരുമാനത്തിനെതിരെയാണ് ആശ ഹൈക്കോടതിയെ സമീപിച്ചത്.
മൃതദേഹം മെഡിക്കല്‍ കോളേജിന് പഠനാവശ്യങ്ങള്‍ക്ക് വിട്ടുനല്‍കിയ തീരുമാനത്തിനെതിരെ ആശ നേരത്തെയും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അനാട്ടമി ആക്‌ട് പ്രകാരം വിഷയത്തില്‍ തീരുമാനമെടുക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരുന്നത്. എന്നാല്‍ മെഡിക്കല്‍ കോളജ് തീരുമാനം ഏകപക്ഷീയമാണെന്നും, മതാചാരപ്രകാരം സംസ്കരിക്കാൻ മൃതദേഹം വിട്ടുനല്‍കണമെന്നും ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ആശ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് ആശക്കെതിരെ ലോറൻസിന്റെ ബന്ധു എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നല്‍കിയിട്ടുണ്ട്.