രാജ്യമെങ്ങും ഗാന്ധിസ്മൃതികളാൽ മുഖരിതമാകുന്ന ഗാന്ധി ജയന്തിയുടെ തലേന്ന് വരകൾ കൊണ്ട് രാഷ്ടപിതാവിന് പ്രണാമം. തേവര എസ്.എച്ച്.കോളേജിൽ നടക്കുന്ന കാർട്ടൂൺ കോൺക്ലേവിലാണ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഗാന്ധിയെ വരച്ച് ഗാന്ധി സ്മൃതി വര ഉദ്ഘാടനം ചെയ്തത്. വിവരസാങ്കേതിക വിദ്യയുടെ അതിപ്രസരത്തിലും ഫോട്ടോഗ്രാഫിയിലും അനിമേഷൻ സാങ്കേതിക വിദ്യയിലും വലിയ മുന്നേറ്റങ്ങൾ ഉണ്ടായിട്ടും, കോമിക്സുകളും സോഷ്യൽ മീഡിയ, ട്രോളുകൾ, തുടങ്ങിയവ കൂടിയിട്ടും കാർട്ടൂണിന് ജനമനസ്സിൽ ഇപ്പോഴും വലിയ സ്വാധീനമുണ്ടെന്ന് മന്ത്രി പറഞ്ഞു. ജവഹർലാൽ നെഹ്റുവിന്റെ മകളായ ഇന്ദിര അടിയന്തരാവസ്ഥ നടപ്പിലാക്കിയതിന് സമാനമായ സ്ഥിതിവിശേഷമാണ് ഇപ്പോൾ നിലവിൽ ഉള്ളത്. സൂക്ഷ്മ നിരീക്ഷണം നടത്തിയാൽ ആർക്കും ഇത് മനസ്സിലാകുമെന്ന കാര്യം മന്ത്രി സജി ചെറിയാൻ ഓർമ്മപ്പെടുത്തി. ജീവിതത്തെ സത്യാന്വേഷണമാക്കുകയാണ് ഗാന്ധിജി ചെയ്തത്. മരണം വരെ ഗാന്ധി അന്വേഷണം തുടരുകയായിരുന്നു. ഗാന്ധിജിയുടെ മരണശേഷം ഗാന്ധിജിയെ കുറിച്ചുള്ള അന്വേഷണം നമ്മളും തുടരുകയാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
സേക്രഡ് ഹാർട്ട് കോളേജ് പ്രിൻസിപ്പൽ ഡോ. സി എസ് ബിജു, എസ് എച്ച് സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ബാബു ജോസഫ്, കാർട്ടൂൺ കോൺക്ലേവ് ഡയറക്ടർ അനൂപ് രാധാകൃഷ്ണൻ എന്നിവർ നേതൃത്ത്വം നൽകിയ ഗാന്ധി സ്മൃതി തത് സമയ വരയിൽ പ്രശസ്ത കാർട്ടൂണിസ്റ്റ് രവിശങ്കർ, ലളിത കലാ അക്കാദമി സെക്രട്ടറി ബാലമുരളി കൃഷ്ണൻ, കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ സുധീർ നാഥ്, എന്നിവരാണ് ആദ്യം വരച്ചത്. തുടർന്ന് ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർഥികളും കാർട്ടൂണിസ്റ്റുകളും ഗാന്ധിജിക്ക് വരകളാൽ പ്രണാമം അർപ്പിച്ചു. കാർട്ടൂൺ കോൺക്ലേവിൻ്റെ ഭാഗമായി ഗാന്ധി കാർട്ടുണുകളുടെ പ്രത്യേക പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
കേരള കാർട്ടൂൺ അക്കാദമിയും, എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിലെ മീഡിയ സ്കൂളായ എസ് എച്ച് സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷനും സംയുക്തമായാണ് ത്രിദിന കാർട്ടൂൺ കോൺക്ലേവ് സംഘടിപ്പിച്ചത്. പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ യുവജന വിഭാഗമായ യങ് കമ്മ്യൂണിക്കേറ്റേഴ്സ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നുള്ള തിരഞ്ഞെടുത്ത വിദ്യാർത്ഥികളാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്.
ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 ന് കോൺക്ലേവ് സമാപിക്കും. 2 ന് രാവിലെ നടക്കുന്നത് പാനൽചർച്ചയാണ്. പബ്ലിക് റിലേഷനും പരസ്യങ്ങളും കാർട്ടൂണും എന്ന വിഷയത്തിലാണ് ചർച്ച. കാർട്ടൂൺ കോൺക്ലേവ് അനൂപ് രാധാകൃഷ്ണൻ മോഡറേറ്റർ ആകുന്ന പാനൽ ചർച്ചയിൽ കാർട്ടൂൺ അക്കാദമി ചെയർമാൻ സുധീർനാഥ്, പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ ഗവേണിംഗ് സെക്രട്ടറി ഡോക്ടർ ടി വിനയകുമാർ എന്നിവർ പങ്കെടുക്കും. കാർട്ടൂണിന്റെ ആർട്ടിസ്റ്റിക് ഇന്റലിജൻസ് വേഴ്സസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന വിഷയത്തിൽ ശബരീഷ് രവി സംസാരിക്കും.