പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രിയും പാർലമെൻ്ററികാര്യ മന്ത്രിയും നടത്തിയ അധിക്ഷേപകരമായ പരാമർശം നിയമസഭാ രേഖകളിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പാർലമെൻ്ററി പാർട്ടി സെക്രട്ടറി എ പി അനിൽകുമാർ സ്പീക്കർക്ക് കത്തു നൽകി.
കത്ത് പൂർണ രൂപത്തിൽ…
ബഹു സ്പീക്കർ,
ഇന്ന് ചോദ്യോത്തര വേളയിൽ പ്രതിപക്ഷ സാമാജികർ നോട്ടീസ് നൽകിയ 49 നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ നിയമസഭ ചട്ടങ്ങൾക്ക് വിരുദ്ധമായി നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യമായി അനുവദിച്ചത് സംബന്ധിച്ച വിഷയം ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് സഭയിൽ ഉന്നയിച്ചിരുന്നു. ചോദ്യങ്ങൾ ചട്ടവിരുദ്ധമായി അൺസ്റ്റാർഡ് ആക്കിയതിൽ പ്രതിപക്ഷ സാമാജികർ സഭയിൽ പ്രതിഷേധിച്ച സന്ദർഭത്തിൽ, “ആരാണ് പ്രതിപക്ഷ നേതാവ്?” എന്ന രീതിയിൽ ദൗർഭാഗ്യകരമായ ഒരു പരാമർശം ബഹുമാനപ്പെട്ട ചെയറിന്റെ ഭാഗത്തുനിന്നുണ്ടായി.
ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് ഈ കാര്യത്തിലുള്ള പ്രതിഷേധം രേഖപ്പെടുത്തിയത് സംബന്ധിച്ച ഭാഗങ്ങൾ നിയമസഭാ രേഖയിൽ നിന്നും നീക്കം ചെയ്യണമെന്ന് ചെയർ നിർദ്ദേശിച്ചു. എന്നാൽ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പാർലമെന്ററി കാര്യമന്ത്രിയും മുഖ്യമന്ത്രിയും ഈ സമയത്ത് നടത്തിയ പ്രസ്താവനകൾ സഭാ രേഖയിൽ നിലനിൽക്കുന്ന സാഹചര്യമുണ്ട്. ആയതിനാൽ പ്രസ്തുത പ്രസ്താവനകളും സഭാ രേഖയിൽ നിന്നും നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് ബഹുമാനപ്പെട്ട ചെയറിനോട് അഭ്യർത്ഥിക്കുന്നു.
എ പി അനിൽകുമാർ എം എൽ എ.