ഗുജറാത്തിൽ 5,000 കോടി രൂപ വിലമതിക്കുന്ന 518 കിലോഗ്രാം കൊക്കെയ്ന്‍ പിടികൂടി.ഗുജറാത്തിലെ അങ്കലേശ്വറിലുള്ള അവ്കര്‍ ഡ്രഗ്‌സ് ലിമിറ്റഡ് കമ്ബനിയില്‍ നടത്തിയ പരിശോധനയിലാണു വന്‍ മയക്കു മരുന്നു ശേഖരം കണ്ടെടുത്തത്.
കഴിഞ്ഞ ദിവസവും ഗുജറാത്തില്‍ വന്‍ മയക്കു മരുന്നു വേട്ട നടന്നിരുന്നു. ഒക്ടോബര്‍ ഒന്നിനു ഡല്‍ഹി പൊലീസിന്റെ സ്‌പെഷല്‍ സെല്‍ മഹിപാല്‍പുരില്‍ തുഷാര്‍ ഗോയല്‍ എന്നയാളുടെ ഗോഡൗണില്‍ റെയ്ഡ് നടത്തി 562 കിലോഗ്രാം കൊക്കെയ്‌നും 40 കിലോഗ്രാം കഞ്ചാവും പിടികൂടിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍, ഒക്ടോബര്‍ 10ന് ഡല്‍ഹിയിലെ രമേശ് നഗറിലെ കടയില്‍നിന്ന് 208 കിലോഗ്രാം കൊക്കെയ്ന്‍ കൂടി പിടിച്ചെടുത്തു.
ഇതു ഫാര്‍മ സൊല്യൂഷന്‍ സര്‍വീസസ് എന്ന കമ്ബനിയുടേതാണെന്നും അവ്കര്‍ ഡ്രഗ്‌സ് ലിമിറ്റഡ് കമ്ബനിയില്‍ നിന്നാണ് എത്തിച്ചതെന്നും കണ്ടെത്തി. ഈ കേസില്‍ ഇതുവരെ ആകെ 1,289 കിലോഗ്രാം കൊക്കെയ്‌നും 40 കിലോഗ്രാം തായ്ലന്‍ഡ് കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. ആകെ 13,000 കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളാണു ഈ ദിവസങ്ങളില്‍ പിടികൂടിയത്.