കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡിന്റെ (സിയാൽ) 2024 ശൈത്യകാല സമയക്രമത്തിൽ മികച്ച കണക്റ്റിവിറ്റിയുമായി ഇൻഡിഗോ. പുതുക്കിയ സമയക്രമ പ്രകാരം പ്രതിദിനം ഏകദേശം 80 ഇൻഡിഗോ വിമാനങ്ങളാണ് വിവിധ അന്താരാഷ്ട്ര, ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കും കൊച്ചിയിലേക്കും സർവീസ് നടത്തുന്നത്.സിയാലിന്റെ 2024 ശൈത്യകാല സമയക്രമത്തിൽ, ഇൻഡിഗോ കൊച്ചിയിൽ നിന്ന് അന്താരാഷ്ട്ര സെക്ടറിൽ, 41 പ്രതിവാര സർവീസുകളാണ് നടത്തുക. അബുദാബി, മസ്‌കറ്റ്, മാലി, ദോഹ, ദുബായ്, കൊളംബോ, കുവൈറ്റ് തുടങ്ങിയ പ്രധാന ആഗോള ലക്ഷ്യസ്ഥാനങ്ങളുമായാണ് പ്രധാന കണക്റ്റിവിറ്റി. കൂടാതെ, ഡൽഹി, റായ്പൂർ, മുംബൈ, പൂനെ, അഹമ്മദാബാദ്, ഭോപ്പാൽ, ചണ്ഡീഗഡ്, കൊൽക്കത്ത, ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, ഗോവ, അഗത്തി, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, എന്നീ പ്രധാന നഗരങ്ങളിലേക്കും ദിവസേന സർവീസുകൾ നടത്തി വരുന്നു. 220 പ്രതിവാര സർവീസുകളാണ് ആഭ്യന്തര സെക്ടറിൽ ഇൻഡിഗോ കൊച്ചി വിമാനത്താവളത്തിൽ നിന്ന് ക്രമീകരിച്ചിട്ടുള്ളത്.