എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ റിമാൻഡിലായ പി.പി.ദിവ്യ ഇന്ന് ജാമ്യാപേക്ഷ നല്‍കും.തലശേരി സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കുക.
അതേസമയം, ദിവ്യയുടെ ജാമ്യപേക്ഷ എതിർക്കുമെന്ന് നവീൻ ബാബുവിന്‍റെ കുടുംബം വ്യക്തമാക്കി. ജാമ്യപേക്ഷയില്‍ നവീന്‍റെ ഭാര്യ മജ്ഞുഷ കക്ഷിചേരും.
കേസില്‍ പ്രതിയായ കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി.ദിവ്യയെ 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. പള്ളിക്കുന്നിലെ വനിതാ ജയിലിലായിരിക്കും ദിവ്യയെ പാര്‍പ്പിക്കുക. കനത്ത പോലീസ് സുരക്ഷയോടെയാണ് ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റിന്‍റെ വീട്ടില്‍ ഹാജരാക്കിയത്.
ക്ഷണിച്ചിട്ടാണ് നവീൻ ബാബുവിന്‍റെ യാത്രയയപ്പ് യോഗത്തില്‍ എത്തിയതെന്ന ദിവ്യയുടെ വാദവും കോടതി തള്ളിക്കളഞ്ഞു. കരുതിക്കൂട്ടി വീഡിയോ ചിത്രീകരിക്കാൻ പദ്ധതിയിട്ടതും പ്രചരിപ്പിച്ചതും നവീനെ മേലുദ്യോഗസ്ഥര്‍ക്കും സഹപ്രവർത്തകർക്കും മുൻപില്‍ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയാണെന്ന് കോടതി കണ്ടെത്തിയിരുന്നു.