ഡല്‍ഹിയില്‍ ദീപാവലി ആഘോഷത്തിനിടെ ഉണ്ടായ വെടിവെപ്പില്‍ രണ്ടുപേർ കൊല്ലപ്പെട്ടു. ആകാശ് ശർമ (44), ബന്ധു റിഷഭ് ശർമ (16) എന്നിവരാണ് കൊല്ലപ്പെട്ടത്.ആകാശിന്റെ മകൻ ക്രിഷ് ശർമയ്ക്ക് (10) ഗുരുതരമായി പരിക്കേറ്റു. ഡല്‍ഹിയിലെ ഷാഹ്ദരയില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.
വീടിന് മുന്നിലുള്ള വഴിയില്‍ പടക്കം പൊട്ടിക്കുന്നതിനിടെയാണ് ആകാശിനും റിഷഭിനും നേരെ ആക്രമണമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ ഇരുചക്രവാഹനത്തിലെത്തിയ രണ്ടുപേർ അഞ്ചു തവണ വെടിയുതിർക്കുന്നതായി കാണാം. ആകാശിന്റെ ആശിർവാദം വാങ്ങാനെന്ന വ്യാജേന അക്രമികളിലൊരാള്‍ കാലില്‍ തൊടുകയും ഉടൻ തന്നെ മറ്റേയാള്‍ വെടി വെയ്ക്കുകയുമായിരുന്നു. ആകാശിനെ വെടിവെയ്ക്കുന്നത് കണ്ട് പരിഭ്രാന്തനായി ഓടിയ റിഷഭിനെയും അക്രമികള്‍ വെടിവെച്ചു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന് നിഗമനം.