ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ ആഭ്യന്തര വകുപ്പ് തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കുറ്റപത്രം സമർപ്പിച്ചതിനാൽ കോടതിയുടെ അനുമതി തേടിയ ശേഷമാവും തുടരന്വേഷണം.ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍നിന്ന് അനുമതി നേടിയ ശേഷമായിരിക്കും തുടർനടപടിയിലേക്ക് കടക്കുക. ഒരുതവണ കുറ്റപത്രം സമർപ്പിച്ച കേസ് ആയതിനാല്‍ കോടതിയുടെ അനുമതി നേടിയ ശേഷമേ തുടർനടപടികളിലേക്ക് കടക്കാനാവൂ. അനുമതി ലഭിച്ചാല്‍ എത്രയും വേഗം സതീശിന്റെ മൊഴി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. മുൻപ് കേസ് അന്വേഷിച്ച അതേ സംഘത്തെ തന്നെയാണ് തുടരന്വേഷണത്തിനും ആഭ്യന്തര വകുപ്പ് നിയോഗിച്ചിട്ടുള്ളത്.വെളിപ്പെടുത്തല്‍ നടത്തിയ തിരൂർ സതീശിന്റെ മൊഴി അടിയന്തരമായി രേഖപ്പെടുത്താൻ അന്വേഷണ സംഘത്തലവന് സംസ്ഥാന പൊലീസ് മേധാവി നിർദേശം നല്‍കിയിട്ടുണ്ട്. സതീശിന്റെ മൊഴി പരിശോധിച്ച ശേഷം കോടതിയെ സമീപിച്ചാല്‍ മതിയെന്നാണ് ഡിജിപി നല്‍കിയ നിർദേശം.കൊടകരയിലെ കുഴലിന്റെ അറ്റം കണ്ടെത്താൻ വീണ്ടും തയാറെടുക്കുന്ന പൊലീസിന് മുൻപില്‍ ആകെയുള്ള വഴി ബിജെപി മുൻ തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി തിരൂർ സതീശാണ്. വെളിപ്പെടുത്തലില്‍ ഉറച്ചുനില്‍ക്കാൻ സതീശ് തയാറായാല്‍, മൊഴി ആവർത്തിച്ചാല്‍ കോടതിയെ സമീപിക്കാനാണ് പൊലീസ് തീരുമാനം