രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും സരിനെ അഭിവാദ്യം ചെയ്യാതിരുന്നതിനെതിരെ സിപിഐഎം നേതാക്കള്‍ വിമര്‍ശനമുയര്‍ത്തുന്നതിനിടെ സരിനെ പരിഹസിച്ച് വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിവാഹ വേദിയില്‍ വോട്ടുചോദിക്കാനെത്തിയ സരിനോട് ഷാഫി പറമ്പില്‍ പറഞ്ഞത് നല്ല തഗ്ഗ് മറുപടിയാണെന്ന് വി ടി ബല്‍റാം ഫേസ്ബുക്കിലെഴുതി. ഷാഫിയുടെ ടൈമിംഗ് എജ്ജാതിയാണെന്നും ബല്‍റാം പ്രശംസിച്ചു. ഷാഫീ ഞാന്‍ അപ്പുറത്തുണ്ടെന്ന് സരിന്‍ പറഞ്ഞപ്പോള്‍ എപ്പോഴും അപ്പുറത്ത് തന്നെയുണ്ടാകണമെന്ന് ഷാഫി തിരിച്ചടിച്ചത് ചൂണ്ടിക്കാട്ടിയാണ് ബല്‍റാമിന്റെ പ്രശംസ. സിനിമാ റിവ്യൂയിട്ടതിന് ഭീഷണിപ്പെടുത്തിയ ജോജുവിന് റിവ്യൂവര്‍ ആദര്‍ശ് നല്‍കിയതുപോലുള്ള തഗ്ഗ് മറുപടിയാണിതെന്നും വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു