നിലമ്പൂര്‍ എം എല്‍ എ, പി വി അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലിസ്. ചേലക്കര താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നാരോപിച്ചാണ് കേസ്.ആശുപത്രി സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
ഇന്നലെ ചേലക്കര താലൂക്ക് ആശുപത്രിയിലെത്തി പി വി അന്‍വറും പ്രവര്‍ത്തകരും ഡോക്ടര്‍മാരടക്കം ആരോഗ്യ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ പരാതി. ഇന്നലെ രാവിലെ 9.30നാണ് അന്‍വറും കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി എന്‍ കെ സുധീറും സംഘം ചേര്‍ന്ന് താലൂക്ക് ആശുപത്രിയിലെത്തിയത്.
ചേലക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോട്, രോഗികളും മറ്റുള്ളവരും നോക്കിനില്‍ക്കെ അപമര്യാദയായി പെരുമാറുകയും ഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് പരാതി.പി വി അന്‍വറിനെതിരെ ആശുപത്രി സംരക്ഷണ നിയമമനുസരിച്ച് കേസ് എടുക്കണമെന്ന് ഐ എം എയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് ചേലക്കര പൊലീസ് കേസെടുത്തത്.
രോഗികളുടെ സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതിനാല്‍ ഡോക്ടറുടെ പരിശോധനാ മുറിയില്‍ വിഡിയോ ചിത്രീകരണം പാടില്ലെന്നിരിക്കേ, എം എല്‍ എയുടെ നേതൃത്വത്തിലുള്ള സംഘം ഡോക്ടറെ അപമാനിക്കുന്ന രീതിയില്‍ വിഡിയോ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നും കെ ജി എം ഒ എ പറഞ്ഞു.