പാലക്കാട്ട് ഇന്നലെ രാത്രി പൊലീസ് റെയ്ഡ് നടത്തിയ കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്ക് പിടിച്ചെടുത്ത് പൊലീസ്.പൊലീസിന് വിവരം കിട്ടിയത് മുതലുള്ള എല്ലാ ദൃശ്യങ്ങളും പരിശോധിക്കും. സൗത്ത് സി ഐയാണ് പരിശോധന നടത്തുന്നത്. സി ഐക്കൊപ്പം സൈബർ വിദഗ്ധരും സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും പരിശോധനയ്ക്കൊപ്പമുണ്ട്. വനിത കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ അടക്കമാണ് ഇന്നലെ രാത്രി പരിശോധന നടന്നത്. സംഭവം വലിയ വിവാദമായിരുന്നു.
ഉപ തെരഞ്ഞെടുപ്പിനിടെ അനധികൃതമായി പണമെത്തിച്ചെന്ന് ആരോപിച്ചുള്ള പൊലീസ് പരിശോധനക്കിടെ പാലക്കാട്ട് ഇന്നലെ രാത്രി വന്‍ സംഘർഷമാണ് ഉണ്ടായത്. പാതിരാത്രിയില്‍ മൂന്നര മണിക്കൂറോളം നേരമാണ് ഹോട്ടലില്‍ നേതാക്കളും പ്രവര്‍ത്തകരും ഏറ്റുമുട്ടിയത്. വനിതാ നേതാക്കളുടെ മുറികളില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസും, എല്ലാ മുറികളിലും പരിശോധന വേണമെന്ന് സിപിഎമ്മും ബിജെപിയും ആവശ്യപ്പെട്ടതോടെ രംഗം വഷളാവുകയായിരുന്നു.