ട്രോളി ബാഗ് : അന്വേഷണം ഒരു വ്യക്തിയിലേക്ക് മാത്രം ഒതുങ്ങേണ്ടതല്ലെന്ന് വ്യക്തമാക്കി പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാർത്ഥി ഡോക്ടർ പി സരിൻ.
ട്രോളി ബാഗ് സമരവുമായി ബന്ധപ്പെട്ട് കോട്ടമൈതാനത്ത് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പ്രതിഷേധത്തിനിടയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കാര്യങ്ങളാണ് നടന്നതെന്നും സരിൻ പറഞ്ഞു.
‘രഹസ്യമായി നടക്കുന്ന പലകാര്യങ്ങളും വെളിച്ചത്ത് കൊണ്ടുവരാൻ ശ്രമിക്കുന്നവരെ പ്രതികളാക്കി മാറ്റുന്ന പതിവാണ് ഇപ്പോള്‍ നടക്കുന്നത്.പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് യുഡിഎഫ് സ്ഥാനാർത്ഥി പറയുന്നത്. ജനാധിപത്യത്തെ തന്നെ വെല്ലുവിളിക്കുന്ന രീതിയിലുളള കാര്യങ്ങളാണ് ഉണ്ടായിരിക്കുന്നത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് നടന്നവർ പ്രതിക്കൂട്ടിലാകും. അത് പാലക്കാട് കാണിച്ച് തരും.
ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നവരെ പുറത്തുകൊണ്ടുവരിക എന്നുളളതും കുറ്റം ചെയ്തവരെ കണ്ടെത്തുകയെന്നതും ഈ നാട്ടിലെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയമാണ്. അതിനായി ഇടതുപക്ഷം ഏതറ്റം വരെ പോകുകയും ചെയ്യും. പൊലീസിന്റെ അന്വേഷണം കേവലം ഒരു വ്യക്തിയിലേക്ക് ചുരുങ്ങേണ്ട ആവശ്യമില്ല.
അങ്ങനെ ചെയ്യുമ്ബോള്‍ രക്ഷപ്പെടുന്നത് മറ്റുപലരുമാണോയെന്ന് വൈകാതെ മനസിലാകും. തങ്ങള്‍ക്കനുകൂലമായ തരംഗമുണ്ടാകുമെന്ന് വിചാരിച്ച യുഡിഎഫ് ക്യാമ്ബയിനിന്റെ മുഖം ഒറ്റരാത്രി കൊണ്ടാണ് പുറത്തുവന്നത്. വേഷം കെട്ടുന്നവരെയും വേഷം മാറുന്നവരെയും പാലക്കാട് തിരിച്ചറിയും’-സരിൻ വ്യക്തമാക്കി.