ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ നിർണായക നേട്ടങ്ങൾ സ്വന്തമാക്കി വിഴിഞ്ഞം തുറമുഖം. ഇന്നലെ രാത്രിയോടെ ഒരു ലക്ഷം TEU (20 അടി നീളമുള്ള കണ്ടെയ്നറിനെയാണ് ഒരു TEU ആയി കണക്കാക്കുന്നത്) കൈകാര്യം ചെയ്ത തുറമുഖമെന്ന നാഴികക്കല്ലും വിഴിഞ്ഞം പിന്നിട്ടുവെന്ന് സംസ്ഥാന വകുപ്പ് മന്ത്രി വിഎൻ വാസവൻ. ട്രയൽ റൺ ആരംഭിച്ച് നാലുമാസം പിന്നിട്ടതോടെ ഒന്നിനുപിന്നാലെ ഒന്നായി വമ്പൻ ചരക്കുകപ്പലുകളാണ് വിഴിഞ്ഞത്തെത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചരക്ക് കപ്പലുകളുടെ ശ്രേണിയിൽപെടുന്ന അന്ന, വിവിയാന എന്നീ കപ്പലുകളും ഇക്കൂട്ടത്തിലുണ്ട്.നവംബർ 9 വരെയുള്ള കണക്കനുസരിച്ച് 46 കപ്പലുകളാണ് കേരളത്തിന്റെ തീരമണഞ്ഞത്. ജൂലൈയിൽ 3 ഉം സെപ്റ്റംബറിൽ 12 ഉം ഒക്ടോബറിൽ 23 ഉം നവംബറിൽ ഇതുവരെ 8 കപ്പലുകളുമാണ് എത്തിയത്. ആകെ 1,00807 TEU തുറമുഖം കൈകാര്യം ചെയ്തുകഴിഞ്ഞു.അടുത്ത ഏപ്രിലോടെ മാത്രം ലക്ഷ്യം വച്ചിരുന്ന ചരക്കുനീക്കം ചുരുങ്ങിയ മാസങ്ങൾകൊണ്ട് പൂർത്തിയാക്കാനായി. 7.4 കോടി രൂപയുടെ വരുമാനമാണ് ജിഎസ്ടി ഇനത്തിൽ സർക്കാരിന്റെ ഖജനാവിലെത്തിയത്. വിഴിഞ്ഞം ഇന്ത്യയുടെ സുവർണ തീരമായി മാറുകയാണ്.തുറമുഖം കേരളത്തിന്റെ വികസനചരിത്രത്തിൽ പുതുയുഗം കുറിക്കുമെന്നും മന്ത്രി പറഞ്ഞു