ഫോർട്ട് കൊച്ചിയിൽ വിദേശ സഞ്ചാരി കാനയിൽ വീണ സംഭവം നാണക്കേടെന്ന് ഹൈക്കോടതി. പുറം ലോകം കേരള ടൂറിസത്തെക്കുറിച്ചും കൊച്ചിയെയും പറ്റിയും എന്ത് കരുതുമെന്ന ചോദ്യമുയർത്തിയ കോടതി സംഭവത്തിൽ ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.കഴിഞ്ഞ ആഴ്ചയാണ് പുതുക്കി പണിയാനായി തുറന്നിട്ട കാനയിൽ വീണ് ഫ്രഞ്ച് പൗരന്‍റെ തുടയെല്ല് പൊട്ടിയത്. നടക്കാൻ പോലും പേടിക്കേണ്ട സ്ഥലമെന്ന് ജനങ്ങൾ കരുതുന്ന സ്ഥലത്ത് എങ്ങനെ ടൂറിസം വളരുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. റോഡുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതി പരാമർശം. അരൂർ- തുറവൂർ ദേശീയ പാതയുടെ നിർമ്മാണം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ അമിക്കസ് ക്യൂറിക്ക് കോടതി നിർദ്ദേശം നൽകി