ബംഗാൾ സ്വദേശികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് പൊലീസ് കഞ്ചാവ് ചെടി പിടികൂടി. നഗരമധ്യത്തിൽ സക്കറിയ ബസാർ ജംഗ്ഷന് സമീപത്തെ വീട്ടിൽ നിന്നാണ് കഞ്ചാവ് ചെടി പിടികൂടിയത്. ഇതിന് 6 അടിയ്ക്ക് മുകളിൽ ഉയരമുണ്ട്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സൗത്ത് പൊലീസും ചേർന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. കടപ്പുറം വനിതാ ശിശു ആശുപത്രി റോഡിന് സമീപം മതിലിനോട് ചേർന്നാണ് കഞ്ചാവ് ചെടി വളർന്ന് നിന്നത്. ചെടി ഇവിടെ വളർത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല. വാടകയ്ക്ക് താമസിക്കുന്നവർ കുറച്ചു ദിവസമായി സ്ഥലത്തില്ല. ഇവരെ വിശദമായി ചോദ്യം ചെയ്തെങ്കിൽ മാത്രമേ കഞ്ചാവ് ചെടി വളർത്തിയത് സംബന്ധിച്ച വിവരം ലഭിക്കൂവെന്ന് പൊലീസ് അറിയിച്ചു. വീടിന്റെ ഉടമയോടും വീട് വാടകയ്ക്ക് കൈമാറിയവരോടും പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. നാർകോട്ടിക് സെൽ ഡിവൈഎസ്‌പി ബി. പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ ഡിവൈഎസ്‌പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള സൗത്ത് പൊലീസ് സംഘവും ചേർന്നാണ് കഞ്ചാവ് ചെടി പിടിച്ചെടുത്തത്.