നയതന്ത്ര ബാഗേജുവഴി സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസില്‍ രണ്ടാം പ്രതി മാപ്പുസാക്ഷിയായി. സ്വപ്നയ്ക്ക് വ്യാജ രേഖയുണ്ടാകിയ സച്ചിൻ ദാസിനെയാണ് മാപ്പുസാക്ഷിയാക്കിയത്. സച്ചിന്റെ അപേക്ഷ കോടതി അംഗീകരിച്ചു.
മാപ്പുസാക്ഷിയാക്കണമെന്ന സച്ചിൻ്റ അപേക്ഷ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു. സച്ചിനെ മാപ്പുസാക്ഷിയാക്കിയാക്കുന്നതില്‍ എതിപ്പില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. 19 ന് സച്ചിൻ്റെ മൊഴി കോടതി രേഖപ്പെടുത്തും.
സ്‌പേസ് പാർക്കിലെ നിയമനത്തിനായി സ്വപ്ന വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു. മഹാരാഷ്ട്രയിലെ ബാബാ അംബേക്കർ യൂണിവേഴ്സിറ്റിയുടെ പേരിലാണ് വ്യാജ രേഖയുണ്ടാക്കിയത്. സംഭവത്തില്‍ കണ്ടോൻമെന്‍റ് പൊലീസാണ് സ്വപ്ന സുരേഷിനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിലെ രണ്ടാം പ്രതിയായ സച്ചിൻ ദാസ് പഞ്ചാബ് സ്വദേശിയായിരുന്നു. സച്ചിനെ മാപ്പുസാക്ഷിയാക്കിയതോടെ കേസില്‍ സ്വപ്ന സുരേഷ് മാത്രമാണ് പ്രതി.
ഒന്നാം പിണറായി സര്‍ക്കാരിൻ്റെ കാലത്ത് ഏറെ കോളിളക്കമുണ്ടാക്കിയ നയതന്ത്ര സ്വര്‍ണക്കടത്ത് കേസിന് പിന്നാലെയാണ് സ്വപ്ന സുരേഷ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയെന്ന വിവരവും പുറത്തുവന്നത്.