ഡോ പി സരിൻ പൊതു സമൂഹത്തോട് പ്രതിജ്ഞ ബദ്ധനായ ചെറുപ്പക്കാരനാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ.സരിൻ ഉത്തമനായ സ്ഥാനാർഥിയാണ്. ജന സേവനത്തിനായി ജോലി പോലും രാജിവെച്ചുവെന്നും ഇപി ജയരാജൻ പറഞ്ഞു. ആത്മകഥയിൽ സരിനെ കുറിച്ച് മോശം പരാമർശമുണ്ടെന്ന് പുറത്തുവന്നതിന് പിന്നാലെയാണ് സരിനെ പുകഴ്ത്തി ഇപി രംഗത്തെത്തിയത്.
എന്റെ ആത്മകഥ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്. ഞാൻ ആർക്കും പ്രസാധന ചുമതല കൊടുത്തിട്ടില്ല. പ്രസാധനത്തിന് പലരും സമീപിച്ചിരുന്നു. ആർക്കും നൽകിയിട്ടില്ല. ഞാൻ ആർക്കും കരാർ കൊടുത്തിട്ടില്ല. ഞാനാണ് എന്റെ ആത്മകഥ എഴുതുന്നത്. എന്റെ കയ്യക്ഷരം മോശമാണ്. ഭാഷാശുദ്ധിയൊക്കെ വരുത്തി പ്രസിദ്ധീകരിക്കാൻ ഒരാളെ ഏർപ്പെടുത്തിയിട്ടുണ്ട്. അധികം താമസിക്കാതെ പ്രസിദ്ധീകരിക്കും. ഭാഷാശുദ്ധി വരുത്താൻ ഏല്പിച്ച ആളെ സംശയിക്കുന്നില്ല. ഇതിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒന്നര വർഷം മുൻപ് നടന്നത് ലോക്സഭ തെരഞ്ഞെടുപ്പിനു മുൻപ് വെളിപ്പെടുത്തി എന്ന രീതിയിൽ പുറത്തുവിട്ടു. അതും ഗൂഢാലോചനയാണെന്നും ആത്മകഥാ വിവാദത്തിൽ ഇപി പ്രതികരിച്ചു.