2024ലെ U19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമില്‍ മലയാളി താരം മുഹമ്മദ് ഇനാൻ ഇടം നേടി. തൃശൂർ അയ്യന്തോള്‍ സ്വദേശികളായ ഷാനവാസിന്റെയും റഹീനയുടെയും മകനാണ് മുഹമ്മദ് ഇനാൻ. ഓസ്‌ട്രേലിയക്കെതിരെയായ അണ്ടര്‍ – 19 ടെസ്റ്റ് – ഏകദിന പരമ്പരയില്‍ ഇനാന്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡിന് ടീമിലിടം നേടാന്‍ സാധിച്ചില്ല.രണ്ട് പരമ്പരകളും ഇന്ത്യ ജയിച്ചപ്പോള്‍ നിര്‍ണായക ശക്തിയായത് മുഹമ്മദ് ഇനാന്റെ മിന്നുന്ന പ്രകടനമായിരുന്നു. ഏകദിനത്തില്‍ 6 വിക്കറ്റും ടെസ്റ്റില്‍ 16 വിക്കറ്റും നേടി മികച്ച പ്രകടനമാണ് ഇനാന്‍ ഈ മത്സരങ്ങളിലുടെനീളം പുറത്തെടുത്തത്. ഇപ്പോള്‍ നടന്നു വരുന്ന കൂച്ച് ബെഹാര്‍ ട്രോഫിയിലും ഇനാന്‍ കളിക്കുന്നുണ്ട്.ബിഹാറില്‍ നിന്നുള്ള 13 കാരനായ വൈഭവ് സൂര്യവൻഷിയെയും ബിസിസിഐ ഇന്ത്യയുടെ 15 അംഗ ടീമിലേക്ക് തിരഞ്ഞെടുത്തു. നവംബർ 30 മുതല്‍ ഡിസംബർ 8 വരെ യുഎഇയില്‍ നടക്കുന്ന ടൂർണമെൻ്റ് 50 ഓവർ ഫോർമാറ്റിലാണ് നടക്കുക. ഉത്തർപ്രദേശില്‍ നിന്നുള്ള മുഹമ്മദ് അമൻ ആണ് ടീമിന്റെ ക്യാപ്റ്റൻ.