അശാസ്ത്രീയമായ ചികിത്സാരീതികളെ ആശ്രയിക്കുന്നതും അശ്രദ്ധമായ ജീവിത ഭക്ഷണ ശീലങ്ങളുമാണ് പ്രമേഹരോഗത്തെ സങ്കീർണതയിലെത്തിക്കുന്നതെന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ. കെ.ജി. സജീത് കുമാർ. കൃത്യമായ ചികിത്സയും ജീവിത ശൈലീപരിഷ്കരണവും നിത്യവ്യായാമവും കൊണ്ട് പ്രമേഹ രോഗ നിയന്ത്രണം സാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു.ലോക പ്രമേഹ ദിനത്തിൽ നടക്കാവ് രാജേന്ദ്ര ഹോസ്പിറ്റലിൽ സൗജന്യ മെഗാ പ്രമേഹ രോഗ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മാനസീക സമ്മർദ്ദം (Stress) കേരളത്തിൽ പ്രമേഹരോഗികൾ വർധിക്കാൻ കാരണമാകുന്നുണ്ട്. ഡോക്ടർമാർക്കിടയിൽപ്പോലും സ്ട്രസ്സും അതു വഴിയുണ്ടാവുന്ന പ്രമേഹവും അനുബന്ധ രോഗങ്ങളും വർധിച്ചു വരുകയാണ്. പ്രമേഹം ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുമെന്നതിനാൽ രോഗത്തിനെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മാനേജിംഗ് ഡയറക്ടർ ഡോ. വിജയറാം രാജേന്ദ്രൻ, ഡയറക്ടർ ലത മോഹൻരാജ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സെഡ്രിക് ഫ്രാൻസിസ് റിലേഷൻ മാനേജർ എ.വി. വരുൺദേവ്, കോഴിക്കോട് ഐ.എച്ച്.ആർ.ഡിയിലെ എൻ.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർമാരായ കെ. മുഹമ്മദ് സഞ്ജിദ്, ആർ.എസ്. അപർണ എന്നിവർ സംസാരിച്ചു.പ്രമേഹരോഗ നിർണയം, വൃക്ക പരിശോധന, കൊളസ്ട്രോൾ, തൈറോയിഡ് പരിശോധനകൾ ക്യാമ്പിൽ സൗജന്യമായി നൽകി. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ, ആരോഗ്യ പരിപാലന മാർഗങ്ങൾ, തുടർ ചികിത്സാ നിർദേശങ്ങൾ തുടങ്ങിയവക്കായി കൗണ്ടറുകൾ പ്രവർത്തിച്ചു. ഇരുനൂറോളം പേർ ക്യാമ്പിലെത്തി പരിശോധനകൾ നടത്തി.പ്രശസ്ത പ്രമേഹരോഗ വിദഗ്ധനും ഫിസിഷ്യനുമായ ഡോ. എസ്.കെ. സുരേഷ് കുമാർ, ഡോ. പി.കെ. സിന്ധു, ഡോ. ശ്രീനാഥ് ശങ്കർ അയ്യർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. കോഴിക്കോട് രാജേന്ദ്ര ഹോസ്പിറ്റലും ഡോ. എസ്.കെ. സുരേഷ്സ് ഡയബെറ്റിസ് റിലീഫ് ഇനീഷ്യേറ്റിവും ചേർന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കോഴിക്കോട് ഐ.എച്ച്.ആർ.ഡിയിലെ എൻ.എസ്എസ് വളണ്ടിയർമാരും ക്യാമ്പുമായി സഹകരിച്ചു. ആരോഗ്യകരമായ ഭക്ഷണശീലങ്ങളെ കുറിച്ച് വളണ്ടിയർമാർ മാതൃകകൾ പ്രദർശിപ്പിച്ച് ബോധവൽക്കരണം നടത്തി.