കുറുവ സംഘത്തിലെ ഒന്നാം പ്രതി സന്തോഷ് സെൽവനെ കോടതി 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. സന്തോഷ് സെൽവത്തിനെതിരെ കോട്ടയത്തും മോഷണക്കേസുകൾ ഉള്ളതായി കണ്ടെത്തി. 25കാരനായ സന്തോഷ് സെൽവത്തിനെതിരെ കേരളത്തിലും തമിഴ്നാട്ടിലുമായി മുപ്പതോളം മോഷണ കേസുകൾ നിലവിലുണ്ട്. പാല, പൊൻകുന്നം, രാമപുരം, ചങ്ങനാശേരി സ്റ്റേഷനുകളിലാണ് കേസുകൾ ഉള്ളത്.സന്തോഷ് സെൽവത്തിന്റെ ഭാര്യക്കും അമ്മയ്ക്കും എതിരെയും തമിഴ്നാട്ടിൽ മോഷണ കേസുകൾ ഉണ്ടെന്ന് പൊലീസ് കണ്ടെത്തി. നേരത്തെ തിരുട്ടു ഗ്രാമത്തിൽ എത്തിയാണ് സന്തോഷിനെയും കൂട്ടാളികളെയും പൊലീസ് പിടികൂടിയത്. സന്തോഷിൽ നിന്നും ലഭിക്കുന്ന വിവരങ്ങളിൽ നിന്നും കൂടുതൽ പ്രതികളിലേക്ക് എത്താൻ കഴിയും എന്നാണ് അന്വേഷണസംഘത്തിന്റെ കണക്കുകൂട്ടൽ. ഒപ്പം മോഷണ ഉരുപ്പടികളും കണ്ടെടുക്കേണ്ടതുണ്ട്.അതേസമയം, സന്തോഷിനൊപ്പം കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പൊലീസ് വിട്ടയച്ചു. മോഷണങ്ങളിൽ ഇയാൾ പങ്കെടുത്തതായി തെളിവില്ലെന്ന് കണ്ടെത്തി. എപ്പോൾ അറിയിച്ചാലും കൊച്ചി മരട് പൊലീസ് സ്റ്റേഷനിൽ എത്തണമെന്നാണ് നിർദ്ദേശം. പുന്നപ്രയിലെ മോഷണങ്ങൾക്ക് പിന്നിൽ സീനിയർ കുറുവ സംഘം ആണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇവരിൽ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തിൽ എത്തിയ പതിനാലംഗ സംഘത്തിലെ മധ്യവയസ്കരായ രണ്ടുപേരാണ് വടക്കൻ പറവൂരിലെ കുമാരമംഗലത്ത് എത്തിയതെന്നാണ് വിവരം. മോഷണങ്ങളിൽ വിശദമായ അന്വേഷണത്തിന് നിർദ്ദേശം നൽകിയിരിക്കുകയാണ് കൊച്ചി റൂറൽ പൊലീസ് മേധാവി.