സൂര്യയുടെ കങ്കുവ തിയേറ്ററുകളിൽ പ്രദർശനം തുടരവേ ക്ഷേത്രദർശനം നടത്തി നടൻ സൂര്യയും സംവിധായകൻ സിരുത്തൈ ശിവയും. കങ്കുവയുടെ റിലീസിന് ശേഷം ഇത് ആദ്യമായാണ് ഇരുവരും ഒന്നിച്ച് പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. റാണിപ്പേട്ടിലെ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലാണ് ഇരുവരും എത്തിയത്. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം സിനിമയുടെ ചില രംഗങ്ങൾ ട്രിം ചെയ്തിട്ടുണ്ട്. യഥാർത്ഥ ദൈർഘ്യത്തിൽ നിന്ന് 12 മിനിറ്റുകളാണ് അണിയറപ്രവർത്തകർ നീക്കം ചെയ്തിരിക്കുന്നത്. ഇതിൽ ഏറിയ പങ്കും പുതിയ കാലഘട്ടത്തിലെ രംഗങ്ങളിൽ നിന്നാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് മണിക്കൂർ 22 മിനിറ്റാണ് സിനിമയുടെ പുതിയ ദൈർഘ്യം.സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിൽ സൂര്യ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായികാ വേഷം ചെയ്യുന്നത്.