പരാജയമുണ്ടായാല്‍ പ്രസിഡന്റാണ് എപ്പോഴും പഴി കേള്‍ക്കുന്നത്. പരാജയത്തിന്റെ പ്രധാന ഉത്തരവാദിത്തം എനിക്ക് തന്നെയാണ്,’ സുരേന്ദ്രന്‍ പറഞ്ഞു.
എന്നാല്‍ സ്ഥാനമാറ്റം വ്യക്തിപരമായി തീരുമാനിക്കേണ്ട കാര്യമല്ല എന്നും കേന്ദ്ര നേതൃത്വമാണ് അക്കാര്യം തീരുമാനിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര നേതൃത്വം എന്ത് പറഞ്ഞാലും അത് അതനുസരിക്കും. തന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ചകള്‍ ഉണ്ടെങ്കില്‍ ഓഡിറ്റ് ചെയ്യപ്പെടണം എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ബിജെപിക്ക് പാലക്കാട്ട് അടിസ്ഥാന വോട്ടുകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല എന്ന് അദ്ദേഹം സമ്മതിച്ചു. പാലക്കാട്ട് വോട്ട് ശതമാനം ഉയര്‍ത്താന്‍ കഴിഞ്ഞില്ല എന്നും ഇതില്‍ ശരിയായ വിലയിരുത്തല്‍ നടത്തും എന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ഓരോ ബൂത്തിലും പരിശോധന നടത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയരുന്നുണ്ട് എന്നും അദ്ദേഹം സമ്മതിച്ചു. എന്നാല്‍ ഏതെങ്കിലും ഒരു വ്യക്തിയല്ല സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കുമ്മനം രാജശേഖരനായിരുന്നു സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ചുമതല. നരേന്ദ്ര മോദിയും അമിത് ഷായും അടങ്ങുന്ന പാര്‍ലമെന്ററി ബോര്‍ഡിന്റെ അംഗീകാരത്തോടെയാണ് പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. പാലക്കാടില്‍ മത്സരിക്കാന്‍ മൂന്ന് പേരുകളാണ് ചര്‍ച്ചയില്‍ വന്നത് എന്നും ഇതില്‍ രണ്ട് പേര്‍ മല്‍സരിക്കാന്‍ തയ്യാറാകാതിരുന്നതോടെയാണ് സ്ഥാനാത്ഥിത്വം കൃഷ്ണകുമാറിലേക്ക് എത്തിയത് എന്നും അദ്ദേഹം പറഞ്ഞു.കൃഷ്ണ കുമാറിനും മത്സരിക്കാന്‍ വിമുഖത ഉണ്ടായിരുന്നു. എന്നാല്‍ മലമ്പുഴയില്‍ മൂവായിരം വോട്ടുകള്‍ അമ്പതിനായിരം ആക്കിയ സ്ഥാനാര്‍ഥിയാണ് കൃഷ്ണകുമാര്‍ എന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.