വയനാട് തോൽപ്പെട്ടിയിൽ വനവാസികൾക്ക് നേരെ വനംവകുപ്പിന്റെ അതിക്രമം. വനവാസികൾ താമസിച്ചിരുന്ന കുടിലുകൾ വനംവകുപ്പിന്റെ ഉദ്യോഗസ്ഥർ പൊളിച്ചുനീക്കി. 16 വർഷമായി വനത്തിൽ താമസിച്ചിരുന്ന മൂന്ന് വനവാസി കുടുംബത്തിന്റെ വീടുകളാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പൊളിച്ചുമാറ്റിയത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.സ്ത്രീകൾ മാത്രമുള്ളപ്പോഴായിരുന്നു അതിക്രമം. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന സമയത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കുടിലുകളൊഴിയാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ തങ്ങൾ 16വർഷമായി ഈ കുടിലുകളിൽ താമസിക്കുന്നവരാണെന്നും ഒഴിഞ്ഞുപോകാൻ മറ്റൊരിടമില്ലെന്നും ഇവർ ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതോടെ ഉദ്യോഗസ്ഥർ സ്ത്രീകളെയും കുട്ടികളെയും ബലമായി പിടിച്ചിറക്കി കുടിലുകൾ നശിപ്പിച്ചു.