മമ്മൂട്ടി ചിത്രം ‘വല്യേട്ടൻ’ 4K ഡോൾബി ‘അറ്റ്‌മോസ്’ ദൃശ്യമികവോടെ നവംബർ 29 ന് തിയേറ്ററുകളിലെത്തുകയാണ്. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കരയാണ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. ഈ വേളയിൽ സിനിമയ്ക്ക് ആശംസകളുമായെത്തിയിരിക്കുകയാണ് മമ്മൂട്ടി. ‘വല്യേട്ടൻ റിലീസ് ചെയ്തപ്പോൾ ഒരുപാടുപേർ തിയേറ്ററിലും ധാരാളം പേർ ടിവിയിലും കണ്ടതാണ്. അതിനേക്കാൾ ഭംഗിയോടെ, 4K അറ്റ്മോസിൽ വല്യേട്ടൻ എത്തുകയാണ് നവംബർ 29 ന്,’ എന്നാണ് മമ്മൂട്ടി പറയുന്നത്.
2000 സെപ്റ്റംബർ പത്തിന് റിലീസ് ചെയ്ത ‘വല്യേട്ടൻ’ ആ വർഷത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു. ചിത്രത്തിൽ അറക്കൽ മാധവനുണ്ണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി സ്ക്രീനിൽ എത്തിയത്. മമ്മൂട്ടിയോടൊപ്പം ശോഭന, സിദ്ദിഖ്, മനോജ് കെ ജയൻ, പൂർണിമ ഇന്ദ്രജിത്ത്, ഇന്നസെൻ്റ്, എൻ എഫ് വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൻ്റെ ഭാഗമായിരുന്നു.