ഹൈക്കോടതി നിർദ്ദേശത്തിൻ്റെ പശ്ചാത്തലത്തിൽ, മാളികപ്പുറത്തെ അനാചാരങ്ങൾ നിയന്ത്രിക്കാനും, നിരോധിക്കാനുമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ്. മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും, മഞ്ഞളും ഭസ്മവും വിതറുന്നതും, ഉടയാടകൾ ശ്രീകോവിലിന് മുകളിലേക്ക് എറിയുന്നതും അനാചാരം തന്നെയാണെന്ന് തന്ത്രിയും വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ ഇവ ഒഴിവാക്കേണ്ടത് തന്നെയാണ്. പ്രാഥമിക നടപടി എന്ന നിലയിൽ ബോധവത്കരണം നടത്തുന്നതോടൊപ്പം ഇവ നിക്ഷേപിക്കാൻ പ്രത്യേക സംവിധാനം ഒരുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് പറഞ്ഞു. അന്യ സംസ്ഥാന ഭക്തരാണ് ഇത്തരം അനാചാരങ്ങൾ നടത്തുന്നത്. ഗവൺമെൻ്റ് തലത്തിൽ ഇത് സംബന്ധിച്ച് നിർദ്ദേശങ്ങൾ നല്കുമെന്നും അദ്ദേഹം അറിയിച്ചു. നട തുറന്ന് ആദ്യ പന്ത്രണ്ട് ദിവസം പൂർത്തിയായപ്പോൾ 15, 89, 14, 111 രൂപയുടെ അധിക വരുമാനം ലഭിച്ചതായി അദ്ദേഹം അറിയിച്ചു. ഇക്കാലയളവിൽ 3,59, 515 ഭക്തരാണ് മുൻ വർഷത്തേക്കാൾ കൂടുതലായും എത്തിയത്. 27 രാജ്യങ്ങളിലായി പടർന്ന് കിടക്കുന്ന അയ്യപ്പ ഭക്തരെ ഉൾപ്പെടുത്തി ആഗോള അയ്യപ്പ സംഗമം നടത്തുന്നത് ദേവസ്വം ബോർഡിൻ്റെ പരിഗണനയിലാണ്. പമ്പാ സംഗമം ജനുവരി ആദ്യവാരം നടത്തുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു.