തിരുവല്ലയിലെ നെടുമ്പ്രത്ത് രണ്ട് ക്ഷേത്രങ്ങളിൽ കവർച്ച. നെടുമ്പ്രം കടയാന്ത്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പുത്തൻകാവ് ദേവീ ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ദേവീ ക്ഷേത്രത്തിലെ നാല് കാണിക്ക വഞ്ചികളും, സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഒരു കാണിക്കവഞ്ചിയും കുത്തി തുറന്നാണ് മോഷണം നടത്തിയത്.ശനിയാഴ്ച പുലർച്ചെ ആറു മണിയോടെ ക്ഷേത്ര ജീവനക്കാർ എത്തിയപ്പോഴാണ് ഇരുസ്ഥലങ്ങളിലും മോഷണ വിവരം പുറത്തിറഞ്ഞത്.പുത്തൻകാവ് ദേവീ ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സി സി ടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഷർട്ട് ധരിക്കാത്ത മധ്യവയസ്ക്കനായ ആളുടെ ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് മോഷണം നടന്നത് എന്നാണ് സി സി ടിവിയിൽ നിന്ന് ലഭിച്ച സമയത്തിന്റെ അടിസ്ഥാനത്തിൽ പോലീസിന്റെ നിഗമനം.സംഭവമറിഞ്ഞ് പുളക്കിഴ് പോലീസ് എത്തി തെളിവുകൾ ശേഖരിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാർഡും ഉച്ചയോടെ എത്തുമെന്ന് പോലീസ് പറഞ്ഞു.