സംസ്ഥാനത്ത് മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനും അവയവദാന സന്ദേശം പ്രചരിപ്പിക്കുന്നതിനുമായി കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (കെ-സോട്ടോ) മൃതസഞ്ജീവനി ‘ജീവനേകാം ജീവനാകാം’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന സാമൂഹിക മാധ്യമ പ്രചാരണ പരിപാടി ഇന്ന് ആരംഭിക്കും.
ഇന്ന് ഉച്ചയ്ക്ക് രണ്ടിന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ കിഡ്‌നി മാറ്റിവയ്ക്കല്‍ പ്രോഗ്രാം ഒരു വര്‍ഷം പൂര്‍ത്തിയാവുന്നതിന്റെ ആഘോഷ ചടങ്ങില്‍ ആരോഗ്യ-വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാജോര്‍ജ് പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യും. ജനറല്‍ ആശുപത്രിയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
‘ജീവനേകാം ജീവനാകാം’ എന്ന സന്ദേശം ഉള്‍പ്പെടുത്തിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചാണു പരിപാടി ഉദ്ഘാടനം ചെയ്യുക. തുടര്‍ന്നു മന്ത്രി അവയവദാന ബോധവത്ക്കരണ സന്ദേശം നല്‍കും. അവയവദാനവുമായി ബന്ധപ്പെട്ട് കെ-സോട്ടോ തയ്യാറാക്കിയ വീഡിയോയും പ്രകാശിപ്പിക്കും. അഡ്വ. ടി.ജെ വിനോദ് എം.എല്‍.എ അധ്യക്ഷനാകും. എറണാകുളം ജനറല്‍ ആശുപത്രിയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ഹൈബി ഈഡന്‍ എം.പി, കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍ എന്നിവര്‍ നിര്‍വഹിക്കും.
ജില്ലാ കലക്ടര്‍ എന്‍എസ്‌കെ ഉമേഷ് മുഖ്യപ്രഭാഷണം നടത്തും. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.ആര്‍.ഷാഹിര്‍ഷാ, കെ-സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.എസ്.എസ് നോബിള്‍ ഗ്രേഷ്യസ് എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. പരിപാടിയില്‍ ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസ് ഡോ.കെ.ജെ റീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശാദേവി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
അവയവദാനത്തിന്റെ മഹത്വം സംബന്ധിച്ച സന്ദേശം എല്ലാവരിലേക്കും എത്തിക്കുക, ഈരംഗത്തു നിലനില്‍ക്കുന്ന അനാരോഗ്യകരമായ പ്രവണതകളെ തുറന്നു കാണിക്കുക, സംശയങ്ങള്‍ ദൂരീകരിക്കുക, വിദഗ്ധരുടെ അഭിപ്രായങ്ങളും സന്ദേശങ്ങളും എല്ലാവരിലും എത്തിക്കുക, പൊതുജനങ്ങളെ അവയവദാനത്തിനു സന്നദ്ധരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണം സംഘടിപ്പിക്കുന്നത്. ഡിസംബര്‍ ഒന്നു മുതല്‍ 2025 മെയ് 31 വരെ ആറുമാസത്തെ സാമൂഹിക മാധ്യമ പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പരിപാടികള്‍ സംഘടിപ്പിക്കാനാണ് കെ-സോട്ടോ ഉദ്ദേശിക്കുന്നത്.
ഇതിലൂടെ കൂടുതല്‍ ആളുകളെ അവയവദാനത്തിനു പ്രേരിപ്പിച്ച് അവയവദാനത്തെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ നീക്കം ചെയ്യുക എന്നതാണു ലക്ഷ്യമെന്നും ഓരോ വ്യക്തിയും മരണാനന്തര അവയവദാനത്തിനു സന്നദ്ധരായി പ്രചാരണത്തിന്റെ ഭാഗമാകണമെന്നും കെ- സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.എസ്.എസ് നോബിള്‍ ഗ്രേഷ്യസ് അഭ്യര്‍ത്ഥിച്ചു. മരണാനന്തരം അവയവദാനം ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് notto.abdm.gov.in/register എന്ന ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്യാം.