എ.ചന്ദ്രശേഖർ
മലയാളത്തിൽ അടൂർ ഗോപാലകൃഷ്ണനോടും സത്യൻ അന്തിക്കാടിനോടും ഒരേ തരംഗദൈർഘ്യത്തിൽ സംവദിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്ന, അതിലേറെ ആത്മവിശ്വാസമുണ്ടായിരുന്ന ഒരേയൊരു അഭിനേത്രിയായിരുന്നു കെ.പി.എ.സി. ലളിത.
മലയാളം കണ്ട മഹാതാരങ്ങളിൽ പലരും അടൂർ എന്ന മഹാസംവിധായകനു മുന്നിലെത്തുമ്പോൾ പതറുകയോ ചൂളുകയോ ചെയ്യാറുണ്ട്.
ചിത്രീകരണവേളയിൽ തങ്ങളനുശീലിച്ചുപോന്ന ശൈലി അദ്ദേഹത്തിന് ആവശ്യമില്ലെന്നു കാണുമ്പോൾ പെട്ടെന്ന് കരയ്ക്കിട്ട മീനിനെപ്പോലെ അസ്വസ്ഥരാകാറുമുണ്ട്.
വർഷത്തിൽ മുന്നൂറു ദിവസവും മുഖ്യധാരാസിനിമയ്‌ക്കൊപ്പം സഹകരിക്കുന്ന കെ.പി.എ. സി. ലളിതയ്ക്കും പെട്ടെന്നൊരു ദിവസം അടൂരിനെപ്പോലൊരു സംവിധായകൻ്റെ സിനിമയിലഭിനയിക്കാനെത്തുമ്പോൾ ഈയൊരു പ്രശ്‌നം തോന്നിയിട്ടുണ്ട്.
അതേപ്പറ്റി ലളിത തന്നെ പറഞ്ഞിട്ടുള്ളതു നോക്കുക: ‘സെറ്റിലെത്തി ആദ്യ സീനിൽ ഞാൻ എന്റേതായ രീതിയിൽ ഡയലോഗു പറയുകയും അഭിനയിക്കുകയുമൊക്കെ ചെയ്യുമ്പോൾ അടൂർ സാർ ചോദിക്കും ലളിതയെന്താ അഭിനയമൊക്കെ മറന്നുപോയോ എന്ന്.
അപ്പോൾ ഞാനദ്ദേഹത്തോടു പറയും – അതിന് സാറ് വർഷങ്ങൾ കൂടുമ്പോ വല്ലപ്പോഴുമല്ലേ സിനിമയെടുക്കൂ. അതുവരെ ഞങ്ങളെപ്പോലുള്ളവർക്കു ജീവിക്കണ്ടേ? തുടരെത്തുടരെ പടമെടുക്കാതിരിക്കുന്നതെന്തിന്? എങ്കിൽ സാറിൻ്റെ ശൈലിയിൽ ഞങ്ങളൊക്കെ അഭിനയിച്ചേനെയെ ല്ലോ എന്ന്. അതു കേൾക്കുമ്പോൾ അദ്ദേഹം ചിരിക്കും.
പിന്നെ ആവശ്യത്തിന് സമയം തന്ന് പറഞ്ഞുതന്നതുപോലെ അഭിനയിക്കാനുള്ള സാവകാശം തരും.’
അടൂരിനെപ്പോലൊരു സംവിധായകനോട് ഇങ്ങനെ പച്ചയ്ക്കു തുറന്നുപറയാനും മാത്രമുളള ആർജ്ജവത്തിൻ്റെ പേരു മാത്രമല്ല കെ.പി.എ.സി. ലളിത എന്നത്.
മറിച്ച് വേഷത്തിനനുസരിച്ച് എങ്ങനെവേണമെങ്കിലും മാറ്റാനാവുന്ന നടനവ്യക്തിത്വം കൂടിയാണ് താൻ എന്നാണ് അവരുടെ ഈ വിവരണത്തിൽ നിന്നു വ്യക്തമാവുന്നത്.
വിഖ്യാതനായ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഇതിഹാസമാനമുള്ള മതിലുകൾ എന്ന ലഘുനോവലിനെ അധികരിച്ച് നിർമ്മിച്ച സിനിമയിൽ, നേരിട്ടു പ്രത്യക്ഷപ്പെടാതെ ശബ്ദത്തിലൂടെ മാത്രം നായകനുമായി ആത്മൈക്യമുണ്ടാക്കുന്നൊരു ബന്ധം സ്ഥാപിക്കുന്ന നാരായണി എന്ന കഥാപാത്രമാവാൻ അടൂരിനു മുന്നിൽ കെ.പി.എ.സി. ലളിതയല്ലാതെ മറ്റൊരു ഓപ്ഷനില്ലായിരുന്നുവെന്ന് അടൂർ പറഞ്ഞിട്ടുള്ളതോർക്കുക.
റൊമാന്റിക് ആയ ആ കഥാപാത്രത്തിന് അത്രമേൽ റൊമാന്റിക്കായ ലളിതയുടെ ശബ്ദമല്ലാതെ മറ്റൊന്നും സങ്കൽപിക്കാനായില്ലെന്ന് അടൂരിനെപ്പോലൊരു സംവിധായകൻ സാക്ഷ്യപ്പെടുത്തുമ്പോൾ, ലളിത എന്ന അഭിനേത്രിക്കു കിട്ടാവുന്ന ഏറ്റവും വലിയ ആദരമാകുന്നുണ്ടത്.
ഒരു സംവിധായകൻ തന്റെ സിനിമയെപ്പറ്റി ആലോചിക്കുമ്പോൾ ഒരു കഥാപാത്രത്തിന് മറ്റൊരാളെ പകരംവയ്ക്കാനാവാതെ വരിക എന്നത് നടൻ്റെ /നടിയുടെ പ്രതിഭയ്ക്കുള്ള അംഗീകാരമാണ്.
അതിലും വലുതാണ് ഒരു ചലച്ചിത്രകാരന് ഒരഭിനേതാവിനെ കൂടാതെ തന്റെ സിനിമ തന്നെ ആലോചിക്കാനാവില്ല എന്നത്.
സത്യൻ അന്തിക്കാടിനെ സംബന്ധിച്ച് കെ.പി.എ.സി. ലളിതയും ഇന്നസെന്റും പറവൂർ ഭരതനും ഒടുവിൽ ഉണ്ണികൃഷ്ണനും ശങ്കരാടിയും മറ്റും അങ്ങനെയുള്ള അഭിനേതാക്കളായിരുന്നു.
നെടുമുടി വേണുവിനെയും മോഹൻലാലിനെയും പോലും നീണ്ട കാലം വേണ്ടെന്നുവച്ചിട്ടുണ്ട് സത്യൻ.
പക്ഷേ ലളിതയെപ്പോലൊരു അഭിനേതാവില്ലാതെ തൻ്റെ സിനിമ പൂർത്തിയാക്കുന്നതിനെപ്പറ്റി അവരുടെ മരണശേഷമല്ലാതെ ഒരുപക്ഷേ ആലോചിച്ചിട്ടുണ്ടാവില്ല അദ്ദേഹം. അഭിനേതാവെന്ന നിലയ്ക്ക് കെ.പി.എ.സി. ലളിതയോടുള്ള വിധേയത്വമല്ല മറിച്ച് സംവിധായകന്റെ വിശ്വാസമാണ് സത്യൻ അന്തിക്കാടിൻ്റെ നിലപാടുകളിൽ തെളിഞ്ഞുകാണാനാവുക.
മലയാള സിനിമയെ മാത്രമല്ല മലയാളത്തിൻ്റെ സാംസ്‌കാരികരംഗത്തെയാകമാനം ആധുനികതയിലേക്കാനയിച്ച സ്വയംവരം എന്ന സിനിമ മുതൽ കൊടിയേറ്റത്തിലും മുഖാമുഖത്തിലും വഴി നാലുപെണ്ണുങ്ങൾ വരെയുളള സിനിമകളിൽ സഹകരിപ്പിച്ച അടൂർ ഗോപാലകൃഷ്ണൻ്റെയും ചുരുക്കം ചിത്രങ്ങളിലൊഴികെ ഭൂരിഭാഗം ചിത്രങ്ങളിലും ഉൾപ്പെടുത്തിയ സത്യൻ അന്തിക്കാടിൻ്റെ യും അഭിപ്രായങ്ങൾ അവിടെ നിൽക്കട്ടെ.
കായംകുളം പീപിൾസ് ആർട്‌സ് ക്ലബിൽ തോപ്പിൽ ഭാസി എന്ന മഹാഛത്രത്തിനുകീഴിൽ നടിയും ഗായികയുമായി തിളങ്ങിയിരുന്ന മഹേശ്വരിയമ്മ എന്ന ലളിതയെ കെ.പി.എ.സി. ലളിതയായി ജ്ഞാനസ്‌നാനം ചെയ്യിച്ച് സിനിമയിലവതരിപ്പിച്ച, മലയാള മുഖ്യധാരാ സിനിമയിൽ മൂന്നു പതിറ്റാണ്ടോളം അനിഷേധ്യനായി തുടർന്ന കെ.എസ്. സേതുമാധവൻ എന്ന സംവിധായകൻ അവരെ കുറിച്ചു പറഞ്ഞതെന്താണെന്നു നോക്കുക.
ഇനിയും സഹകരിപ്പിക്കണമെന്നാഗ്രഹിക്കുന്ന, ക്യാമറയ്ക്കു മുന്നിൽ വിസ്മയിപ്പിച്ചിട്ടുള്ള അഭിനേതാവാര് എന്ന ചോദ്യത്തിന് രണ്ടാമതൊന്നാലോചിക്കാതെ അദ്ദേഹം പറഞ്ഞത് കെ.പി.എ.സി. ലളിത എന്ന പേരാണ്.
മൂന്നു ജനുസ്സിൽപ്പെട്ട ചലച്ചിത്രകാരന്മാർ, അവരുടെ ഭാവുകത്വങ്ങളിൽ തെളിഞ്ഞു നിൽക്കുന്ന ഒരഭിനേത്രി. ഇങ്ങനെയൊരു സ്വാധീനം അഥവാ സ്വീകാര്യത അഭിനേത്രിയെന്ന നിലയ്ക്ക് ലളിതയ്ക്കു കിട്ടുന്നുണ്ടെങ്കിൽ അതിനു നന്ദി പറയേണ്ടത് അവരുടെ അനിതരസാധാരണമായ അനന്യമായ അഭിനയപ്രതിഭയ്ക്കാണ്.
അന്യഭാഷകളിലേക്ക് നമ്മുടെ സിനിമകൾ റീമേക്ക് ചെയ്യുമ്പോൾ ചില കഥാപാത്രങ്ങൾക്കു പകരം വയ്ക്കാൻ ആ ഭാഷകളിൽ നടീടനടന്മാരെ കിട്ടാത്തതിന്റെ ബുദ്ധിമുട്ട് മലയാളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഹിന്ദി റീമേക്കുകൾ ചെയ്തിട്ടുള്ള സംവിധായകൻ പ്രിയദർശൻ ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
നായികയ്ക്കും നായകനും പകരക്കാരുണ്ടാവുമെങ്കിലും സ്വഭാവവേഷങ്ങളിൽ മലയാളത്തിലെ ചില അഭിനേതാക്കളുടെ ശൈലീവൽകൃത പകർന്നാട്ടങ്ങൾ സമാനതകളില്ലാത്തതാണ്.
അങ്ങനെ മറ്റൊരാളെ സങ്കൽപിക്കാനാവാത്ത അസംഖ്യം കഥാപാത്രങ്ങളെ മലയാള സിനിമയ്ക്കു സമ്മാനിച്ച പ്രതിഭാസമാണ് കെ.പി.എ.സി. ലളിത.
കടയ്ക്കത്തറൽ വീട്ടിൽ കെ. അനന്തൻ നായരുടെയും ഭാർഗ്ഗവി അമ്മയുടെയും മകളായി 1947 ഫെബ്രുവരി 25 ന് ആലപ്പുഴ ജില്ലയിലെ കായംകുള ത്തിനടുത്ത് രാമപുരത്ത് ജനിച്ച മഹേശ്വരിയമ്മയിൽ നിന്ന് കെ.പി.എ.സി. ലളിതയിലേക്കുള്ള വളർച്ചയ്ക്കു പിന്നിൽ ഒരു യഥാർത്ഥ കലാകാരിയുടെ ആത്മാർപ്പണമുണ്ട്.
കുഞ്ഞുന്നാളിലേ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു.
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കൊല്ലത്ത് കലാമണ്ഡലം രാമചന്ദ്രന്റെ ഇന്ത്യൻ ഡാൻസ് അക്കാദമിയിൽ നൃത്തപഠനത്തിനായി ചേർന്നു.
അതോടെ സ്‌കൂൾ വിദ്യാഭ്യാസം മുടങ്ങി.
10 വയസുള്ളപ്പോൾ ചങ്ങനാ ശ്ശേരി ഗീഥാ ആർട്സ് ക്ലബിന്റെ ബലി എന്ന നാടകത്തിലൂടെ നടിയായി അരങ്ങിലെത്തി.
സാമ്പത്തിക പരാധീനത തന്നെയാണ് മകളെ നാടകത്തിനു വിടാൻ യാഥാസ്ഥിതികനായ പിതാവിനെ നിർബന്ധിതനാക്കിയത്.
ഗീഥയിലും എസ്.എൽ. പുരം സദാനന്ദൻ്റെ പ്രതിഭാ ആർട്സ് ട്രൂപ്പിലും പ്രവർത്തിച്ച ശേഷമാണ് കെ.പി.എ.സി.യിലെത്തിയത്.
കെ.പി.എ.സി.യിൽ തോപ്പിൽഭാസി എന്ന പ്രതിഭാധനനെ കണ്ടുമുട്ടുന്നതോടെ മഹേശ്വരിയുടെ ജീവിതം മാറിമറിഞ്ഞു.
ഗുരുവും വഴികാട്ടിയുമൊക്കെയായി ലളിതയ്ക്ക് ഭാസി. മഹേശ്വരിയമ്മ ലളിതയായി. ഭാസിയാണ് കേട്ടാൽ പഴമ തോന്നുന്ന പേരു മാറ്റി ലളിത എന്നാക്കുന്നത്.
മൂലധനം, നിങ്ങ ളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളിൽ പാടി. പിന്നീട് സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു.
തോപ്പിൽ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടക ത്തിൻ്റെ സിനിമാവിഷ്‌കരണത്തിലൂടെയാണ് സിനിമയിലുമെത്തിയത്.
നാടകത്തിലെ കഥാപാത്രം തന്നെയായിരുന്നു ലളിതയ്ക്ക്. കെ.എസ്. സേതു മാധവനായിരുന്നു സംവിധായകൻ.
സിനിമയിൽ വന്നപ്പോൾ കെ.പി.എ.സി. എന്നത് പേരിൻ്റെ ഭാഗമായി.
പിന്നീട് മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലേറെ ചിത്രങ്ങളിൽ വൈവിദ്ധ്യമാർന്ന വേഷങ്ങൾ. അതിനു ശേഷം സിനിമയിൽ സജീവമായി.
കലാസംവിധായകനായിരിക്കുമ്പോൾത്തന്നെ പരിചയമുള്ള സംവിധായകൻ ഭരതന്റെ ജീവിതത്തിലേക്ക് ലളിത കടന്നുചെല്ലുന്നത് 1978ലാണ്.
അതുകഴിഞ്ഞാണ് സിനിമയിൽ ചെറുതെങ്കിലും വർഷങ്ങളുടെ ദൈർഘ്യമുള്ള രണ്ട് ഇടവേളകൾക്കു ലളിത മുതിരുന്നത്.
ആ ഇടവേളകൾ അവരുടെ നടനജീവിതത്തിന് ഗുണപരമായി എന്നുതന്നെയാണ് വിലയിരുത്തേണ്ടത്.
കാരണം വാർപ്പുമാതൃകയിലുള്ള സ്വഭാവവേഷങ്ങളിൽനിന്ന്, ഹാസ്യം ചാലിച്ച ഉപവേഷങ്ങളിൽനിന്ന് കുറേക്കൂടി ആഴമുള്ള, ഗൗരവമുള്ള വേഷങ്ങളിലേക്കുള്ള സ്ഥാനക്കയറ്റമാണ് അവിടെ സംഭവിച്ചത്.
ലോഹിതദാസിന്റെ തിരക്ക ഥയിൽ ഭരതൻ സംവിധാനം ചെയ്ത വെങ്കലം, അമരം എന്നീ സിനിമകളിലെ അവരുടെ വേഷപ്പകർച്ച എടുത്തുപറയേണ്ടതാണ്. അതിൽ തന്നെ തീരദേശജീവിതത്തിൻ്റെ കഥ പറഞ്ഞ അമരത്തിലെ ഭാർഗവി ഒരു പവൻതൂക്കം മുന്നിലാണ്.
ആ വർഷത്തെ മികച്ച സഹനടിക്കുള്ള ദേശീയബഹുമതിയും നീലപ്പൊന്മാൻ (1975), ആരവം (1978), അമരം (1990), കടിഞ്ഞൂൽ കല്യാണം, ഗോഡ്ഫാദർ, സന്ദേശം (1991) എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങൾക്ക് മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വും അവരെ തേടിയെത്തി.
സത്യൻ അന്തിക്കാട്, ഫാസിൽ, സിബി മലയിൽ തുടങ്ങിയവരുടെയൊക്കെ സിനിമകളിൽ ലളിത പതിവായി പ്രത്യക്ഷപ്പെട്ടു എന്നു മാത്രമല്ല, അവയിലൊക്കെ വേറിട്ട വേഷങ്ങളിലൂടെ നമ്മെ അദ്ഭുതപ്പെടുത്തുകയും ചെയ്തു.
തീർത്തും കമ്പോളവിജയം മാത്രം ലാക്കാക്കി നിർമ്മിക്കപ്പെട്ട കോട്ടയം കുഞ്ഞച്ചൻ എന്ന ചിത്രത്തിലെ ഏലിയാമ്മയേയും ഫാസിലിന്റെ അനിയത്തിപ്രാവിലെ അമ്മാമ്മയേയും സത്യന്റെ വീണ്ടും ചില വീട്ടുകാര്യങ്ങളിലെ മേരിപ്പെണ്ണിനെയും സൂക്ഷ്മമായി ഒന്നപഗ്രഥിച്ചാൽ ഒരേ അച്ചിലുള്ള മൂന്നു കഥാപാത്രങ്ങളെയും എത്ര വിദഗ്ധവും വൈകാരികവുമായിട്ടാണ് നടിയെന്ന നിലയിൽ ലൡത വേറിട്ട അസ്തിത്വങ്ങൾ നൽകി വളർത്തിയിട്ടുള്ളത് എന്നു ബോധ്യമാവും.
നെടുമുടി വേണു, തിലകൻ, ഇന്നസെന്റ് തുടങ്ങിയവരുമായുള്ള തിരപങ്കാളിത്തം അവരിടെ അഭിനേത്രിയെ വലിയൊരളവിൽ പ്രചോദിപ്പിച്ചിട്ടുണ്ടെന്നു കാണാം. വീണ്ടും ചില വീട്ടുകാര്യങ്ങൾ, സ്ഫടികം, മാടമ്പി, പൊൻമുട്ടയിടുന്ന താറാവ് തുടങ്ങിയ സിനിമകൾ കണ്ടാൽ ഈ രസതന്ത്രം തിരിച്ചറിയാം.
രണ്ടാം വരവിലാണ് ശരിക്ക് ലളിതയ്ക്ക് അവരർഹിക്കുന്ന വേഷങ്ങൾ അധികവും ലഭിച്ചത് എന്നു പറയാം. 2
001ൽ ഭരതശിഷ്യനായ ജയരാജ് സംവിധാനം ചെയ്ത നവരസപരമ്പരയിൽപ്പെട്ട ശാന്തത്തിലെ നാരായണി അത്തരമൊരു ചിത്രമായിരുന്നു.
ആംഗികമോ വാചികമോ ആയ സാധ്യതകൾ ഏറെയില്ലാത്ത ചിത്രമായിരുന്നു ശാന്തം.
നിസംഗത നിറഞ്ഞ മുഖഭാവങ്ങളുടെ അതിസൂക്ഷ്മതലങ്ങളിലൂടെയാണ് ലളിത നാരായണിയുടെ ധർമ്മസങ്കടങ്ങളും ആകുലതകളുമെല്ലാം പ്രേക്ഷകൻ്റെ ഹൃദയത്തിലേക്ക് ആഴത്തിൽ പതിപ്പിച്ചത്.
ആരോഗ്യമനവദിച്ചിടത്തോളം സിനിമയിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു അവരുടേത്.
രോഗത്തിന്റെ അസ്‌കിതകൾ വല്ലാതെ അലട്ടുകയും യാത്ര പ്രശ്‌നമായി മാറുകയും ചെയ്തപ്പോഴാണ് അവർ തട്ടകം ടിവിയിലേക്കുകൂടി കേന്ദ്രീകരിക്കുന്നത്.
മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന സിറ്റ് കോമിലെ പ്രകടനം മാത്രം മതി ലളിത എന്ന അഭിനേത്രിയുടെ മനോധർമ്മം വെളിപ്പെടുത്താൻ.
വൈകിക്കിട്ടിയ അംഗീകാരമാണ് അവരെ സംബന്ധിച്ചിടത്തോളം കേരള സംഗീത നാടക അക്കാദമിയുടെ അദ്ധ്യക്ഷസ്ഥാനം പോലും. ഒരുപക്ഷേ ബഹുമതികളും അംഗീകാരങ്ങളും കൊണ്ടു തൂക്കിനോക്കാനാവുന്നതിലും മാറ്റുണ്ടായിരുന്ന പ്രതിഭയായിരുന്നു കെ.പി.എ.സി. ലളിത എന്നതാണ് സത്യം.
കെ.പി.എ.സി. ലളിത സ്‌ക്രീനിൽ തകർത്താടിയ കഥാപാത്രങ്ങളിൽ പലതിനും നാം നിത്യജീവിതത്തിൽ കണ്ടുമുട്ടുന്ന സമപ്രായക്കാരായ പലരുടെയും ഛായയുണ്ടായിരുന്നു.
മട്ടിലും ഭാവത്തിലും അങ്ങനെയായിത്തീരാനുള്ള അസാമാന്യപാടവം തന്നെ ലളിതയിലെ അഭിനേത്രിക്കുണ്ടായിരുന്നു.
സുകുമാരിയും മീനയും അടൂർ സഹോദരിമാരുമെല്ലാം അവതരിപ്പിച്ച പല അമ്മ/അമ്മായിയമ്മ/ സഹോദരി വേഷങ്ങൾക്ക് പൊതുവായ ചില സവിശേഷതകളുണ്ട്.
അവയൊന്നും ഏകതാനമായ കഥാപാത്രങ്ങളല്ല.
അവർക്കെല്ലാം അൽപം കുനുഷ്‌ഠോ കുന്നായ്മയോ ഇനി അതുമല്ല നന്മവേഷങ്ങളാണെങ്കിൽക്കൂടി തീർത്തും സ്വാഭാവികമായ ചില മാനറിസങ്ങൾ കൂടി ഉൾപ്പെട്ട വേഷങ്ങളാണ്. അമ്മവേഷമോ സഹോദരിവേഷമോ കയ്യാളുന്ന ഒരു ശരാശരി അഭിനേത്രിക്ക് ഉൾക്കൊള്ളാനാവുന്നതിലുമുപരി ആഴവും പരപ്പുമുണ്ടവയ്ക്ക്.
സത്യൻ അന്തിക്കാടിന്റെ വരവേൽപ്പിലെ ഗൾഫുകാരന്റെ സഹോദരിവേഷമെടുക്കുക.
അതുമല്ലെങ്കിൽ, ഹിസ് ഹൈനസ് അബ്ദുള്ളയിലെ സുഭദ്രവർമ്മയെ നോക്കുക.
അവരൊക്കെ തീർത്തും സാധാരണക്കാരാണ്.
ആഗ്രഹങ്ങളും കുശാഗ്രഹബുദ്ധിയും കുശുമ്പും അൽപം വളഞ്ഞ ചിന്തയുമൊക്കെയുള്ള സ്വാർത്ഥരായ പെങ്ങന്മാരും അമ്മമാരുമൊക്കെയാണവർ. അത്തരമൊരു കഥാപാത്രത്തെ സുകുമാരി അവതരിപ്പിക്കുമ്പോഴുള്ള ലാവണ്യമല്ല മീന അവതരിപ്പിക്കുമ്പോൾ.
കെ.പി.എ.സി. ലളിതയുടെ കൈകളിൽ ആ കഥാപാത്രത്തിന് തീർത്തും വേറിട്ട, നമുക്കു കുറച്ചുകൂടി അടുത്തറിയാവുന്നതുപോലൊരു ഭാവുകത്വ അനുഭവം സൃഷ്ടിക്കാനാവുന്നു.
ഒരു നടൻ/നടി മഹാനാവുന്നത് അവർ അരങ്ങി ലോ തിരയിടത്തോ അനിവാര്യമാവുമ്പോഴാണ്. മലയാളസിനിമയെ സംബന്ധിച്ച് അത്തരമൊരു അനിവാര്യതയാണ് ലളിതയുടെ മരണത്തോടെ ഇല്ലാതാവുന്നത്.