പാലക്കാട് കോൺഗ്രസുകാർ ഹോട്ടലിലേക്ക് ട്രോളി ബാഗിൽ പണം കടത്തിയെന്ന പരാതിയിൽ തെളിവില്ലെന്ന് പൊലീസ്. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. പാലക്കാട് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിലേക്ക് പണം കടത്തിയെന്നാണ് സിപിഎമ്മും ബിജെപിയും ആരോപിച്ചത്. തുടർന്ന് ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തുകയായിരുന്നു.ട്രോളി ബാഗിൽ പണം കടത്തിയതിനു തെളിവു ലഭിച്ചില്ലെന്നും തുടരന്വേഷണത്തിന് സാധ്യതയില്ലെന്നും ഡിവൈഎസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു. നീല ട്രോളി ബാഗിൽ പണം കടത്തിയെന്നത് പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വിവാദമായിരുന്നു. ചില കോൺഗ്രസ് നേതാക്കൾ പെട്ടിയുമായി നീങ്ങുന്ന ദൃശ്യം സിപിഎം പുറത്തുവിട്ടു. പിന്നാലേ കലക്ട്‌ടർക്കും എസ്‌പിക്കും സിപിഎം പരാതി നൽകി.