ഷെഡ്യൂള്‍ റദ്ദാക്കിയത് യാത്രക്കാരനെ അറിയിക്കാത്തതിന് KSRTC ക്ക് 20,000 രൂപ പിഴ

കെ എസ് ആര്‍ ടി സി ബസില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരനെ ഷെഡ്യൂള്‍ ക്യാന്‍സല്‍ ചെയ്ത വിവരം അറിയിക്കാത്തതിന് 20,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. വെളിമുക്ക് പാലയ്ക്കല്‍ സ്വദേശി അഭിനവ് ദാസ് നല്‍കിയ പരാതിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. 2024 ഫെബ്രുവരി 25ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ രാവിലെ 10ന് മൂവാറ്റുപുഴയിലേക്ക് പോകാനാണ് ലോ ഫ്‌ളോര്‍ ബസ്സില്‍ 358 രൂപ നല്‍കി ടിക്കറ്റ് ബുക്ക് ചെയ്തത്. രാവിലെ 9.30ന് ബസ് സ്റ്റോപ്പില്‍ എത്തിയ പരാതിക്കാരന്‍ ഉച്ചയ്ക്ക് ഒരു മണിവരെ ബസ് കാത്തിരുന്നു. ലഭ്യമായ നമ്പറുകളിലെല്ലാം വിളിച്ച് അന്വേഷിച്ചുവെങ്കിലും കൃത്യമായ മറുപടി കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് കിട്ടിയില്ല. ഗുരുതരമായ കാഴ്ചാപരിമിതിയുള്ളയാള്‍ കൂടിയായതിനാല്‍ യാത്രക്കാരന്‍ വലിയ പ്രയാസം അനുഭവിക്കാന്‍ ഇട വന്നു. ഇതിനെ തുടര്‍ന്നാണ് പരാതിയുമായി ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. ആറ്റുകാല്‍ പൊങ്കാല കാരണം വലിയ തിരക്കായതിനാല്‍ ചില ട്രിപ്പുകള്‍ റദ്ദാക്കേണ്ടിവന്നുവെന്നും ബുക്ക് ചെയ്തവരെ വിവരമറിയിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരെ ചുമതലപ്പെടുത്തിയിരുന്നുവെന്നുമായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ വിശദീകരണം. ടിക്കറ്റ് തുക തിരിച്ചു നല്‍കാന്‍ നടപടി എടുത്തിട്ടുണ്ടെന്നും ബോധപൂര്‍വം വീഴ്ച വരുത്തിയിട്ടില്ലെന്നും കെ.എസ്.ആര്‍.ടി.സി കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചു. എന്നാല്‍ ഷെഡ്യൂള്‍ റദ്ദ് ചെയ്ത വിവരം പരാതിക്കാരനെ അറിയിക്കുകയോ പകരം യാത്രാസംവിധാനം ഏര്‍പ്പെടുത്തുകയോ ചെയ്തില്ലെന്നും കമ്മീഷന്‍ മുമ്പാകെ പരാതി നല്‍കും വരെ ടിക്കറ്റ് വില തിരിച്ചു നല്‍കാന്‍ നടപടി ഉണ്ടായില്ലെന്നും ബോധ്യപ്പെട്ടതിനാല്‍ പരാതിക്കാരന് നഷ്ടപരിഹാരമായി 15000 രൂപയും കോടതി ച്ചെലവായി 5000 രൂപയും നല്‍കാന്‍ കമ്മീഷണര്‍ വിട്ടു. ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കാത്തപക്ഷം 12% പലിശയും നല്‍കണമെന്ന് കെ.മോഹന്‍ദാസ് പ്രസിഡന്റും പ്രീതിശിവരാമന്‍, സി.വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

പിക്കപ്പ് വാനിടിച്ച് രണ്ടു കാൽനട യാത്രക്കാർ മരിച്ചു

ത്യശൂർ വാണിയംപാറയിൽ പിക്കപ്പ് വാനിടിച്ച് രണ്ടു കാൽനടയാത്രക്കാർ മരിച്ചു. മണിയൻകിണർ സ്വദേശി രാജു (50), ജോണി(57) എന്നിവരാണ് മരിച്ചത്. ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ്...

ലീഗിന്‍റെ മതേതരത്വത്തിന് ആരുടേയും സർട്ടിഫിക്കറ്റ് വേണ്ട, മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

ലീഗിന്‍റെ മതേതരത്വത്തിന് ആരുടേയും സർട്ടിഫിക്കറ്റ് വേണ്ട, മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി.വെള്ളാപ്പള്ളി നടേശന്‍റെ മലപ്പുറം വിരുദ്ധ പ്രസ്താവന മുസ്ലിം ലീഗിനെതിരാണെന്ന പിണറായി വിജയന്‍റെ പ്രതികരണത്തിനെതിരെ പികെ...

ഫോണിലൂടെ മുത്തലാഖ്; കൊണ്ടോട്ടി സ്വദേശിക്കെതിരെ കേസെടുത്തു

മലപ്പുറത്ത് ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ കൊണ്ടോട്ടി സ്വദേശി വീരാൻ കുട്ടിക്കെതിരെ പൊലീസ് കേസെടുത്തു.സ്ത്രീധന പീഡനം, ഗാർഹിക പീഡനം, മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ...

അഭിഭാഷക-വിദ്യാർത്ഥി സംഘർഷം; പൊലീസുകാരെ മർദിച്ചതിൽ പത്തോളം പേർക്കെതിരെ കേസ്

കൊച്ചിയിൽ അഭിഭാഷകരും വിദ്യാർത്ഥികളും തമ്മിലുണ്ടായ സം​ഘർഷത്തിൽ പൊലീസുകാരെ മർദിച്ചതിലും കേസെടുത്തു. പൊലീസുകാരെ മർദിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന വിദ്യാർത്ഥികളും അഭിഭാഷകരുമായ പത്തോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതുവരെ...